ലക്ഷ്മണാഗ്രജ സംസേവ്യാ ലാസ്യതാണ്ഡവഹര്‍ഷിതാ
ഹ്രീംകാരജപസുപ്രീതാ ഹ്രീംകാരതരുമഞ്ജരീ
109. ലക്ഷ്മണാഗ്രജസംസേവ്യാഃ – ലക്ഷ്മണന്റെ അഗ്രജനായ ശ്രീരാമനാല്‍ സേവിക്കപ്പെട്ടവള്‍. മഹാവിഷ്ണു രാമനായി അവതരിച്ചപ്പോള്‍ ലോകത്തിന്റെ നന്മയ്‌ക്കായി വനവാസം സ്വീകരിക്കേണ്ടിവന്നു. കൗസല്യാദേവി രാമനെ കാട്ടില്‍ പോകാന്‍ അനുവദിച്ചത് ത്രിമൂര്‍ത്തികളെയും ഇന്ദ്രാദിദേവകളെയും പ്രതേ്യകിച്ച് മഹാദേവിയെയും മകന്റെ രക്ഷയ്‌ക്കായി
”ദുര്‍ഗ്ഗേ ഭഗവതീ ദുഷ്‌കൃതനാശിനീ സര്‍ഗ്ഗസ്ഥിതിലികാരിണീ
എന്മകനാശു നടക്കുന്നനേരവും തന്മതികെട്ടു
ഉണ്ടീടുന്ന നേരവും സമ്മോദമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍”
എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. രാമന്‍ എല്ലാദിവസവും ദേവിയെ ആരാധിച്ചിരുന്നതായി ചില രാമകഥകളില്‍ പ്രസ്താവമുണ്ട്.
രാമനും രാവണനുമായുള്ള യുദ്ധത്തില്‍ രാമന്റെ ശരങ്ങള്‍ ദേവിയുടെ സംരക്ഷയുള്ള രാവണന്റെ ശരീരത്തില്‍ എത്തുന്നില്ലെന്നു കണ്ട് ശ്രീരാമന്‍ യുദ്ധഭൂമിയില്‍ വച്ചുതന്നെ ദേവിയെ പൂജിച്ചു പ്രീതിപ്പെടുത്തിയെന്നും അതിനുശേഷമേ രാവണനെ വധിക്കാന്‍ കഴിഞ്ഞുള്ളൂവെന്നും ചില രാമായണങ്ങളില്‍ പ്രസ്താവിച്ചുകാണുന്നു.
110. ലാസ്യതാണ്ഡവഹര്‍ഷിതാഃ – ലാസ്യവും താണ്ഡവവും കണ്ട് ആനന്ദിക്കുന്നവള്‍. സൈ്ത്രണമായ ചലനങ്ങളും ഭാവങ്ങളും ഉള്ള നര്‍ത്തനം ലാസ്യം. പുരുഷോചിതമായ ദ്രുത ചലനങ്ങളും ഉദ്ധതഭാവങ്ങളുമുള്ള നൃത്തം താണ്ഡവം. അരങ്ങില്‍ സമര്‍ത്ഥരായ നടീനടന്മാര്‍ ലാസ്യവും താണ്ഡവവും അവതരിപ്പിക്കുമ്പോള്‍ അതുകണ്ട് ആനന്ദിക്കുന്നവള്‍.
കല്പാന്തകാലത്തുള്ള ശിവന്റെ സംഹാരതാണ്ഡവത്തില്‍ നശിക്കുന്ന ലോകങ്ങള്‍ ദേവിയുടെ ലാസ്യത്തില്‍ നിന്നു വീണ്ടും ഉണ്ടാകുമെന്നും സംഹാരവും സൃഷ്ടിയും സമ്മേളിക്കുന്ന ആ നൃത്തത്തില്‍ ദേവി ആനന്ദിക്കുമെന്നും ശൈവശാക്തേയ തന്ത്രങ്ങള്‍.
111. ഹ്രീംകാരജപസുപ്രീതാഃ – ഹ്രീംകാര ജപംകൊണ്ടു നല്ലവണ്ണം പ്രീതിപ്പെടുന്നവള്‍- ‘ഹ്രീം’ എന്ന മന്ത്രാക്ഷരം ദേവീ പ്രണവം എന്നു പ്രസിദ്ധം. ശ്രീവിദ്യാ മന്ത്രത്തിന്റേ മൂന്നുകൂടങ്ങളും അവസാനിക്കുന്നത് ഹ്രീംകാരത്തിലാണ്. ശ്രീവിദ്യാ മന്ത്രം ഒരു തവണ ജപിക്കുമ്പോള്‍ മൂന്നുതവണ ഹ്രീംകാരം ഉച്ചരിച്ചിരിക്കും. ഹ്രീംകാര ഘടകമായുള്ള അനേകം മന്ത്രങ്ങളുണ്ട്. അവയില്‍ ഏതെങ്കിലും ജപിക്കുന്നതും ‘ഹ്രീം’ എന്ന ഏകാക്ഷരമന്ത്രം ജപിക്കുന്നതും അതിനെ വ്യഞ്ജനങ്ങള്‍ നീക്കിയാല്‍ ശേഷിക്കുന്ന ‘ഈം’ എന്ന ബീജാക്ഷരം ജപിക്കുന്നതും ദേവീപ്രീതികരമാണ്.
112. ഹ്രീംകാരതരുമഞ്ജരീഃ – ഹ്രീംകാരമാകുന്ന വൃക്ഷത്തിന്റെ പൂങ്കുലയായവള്‍. പൂങ്കുല വൃക്ഷത്തിന് അലങ്കാരമാണ്. പൂങ്കുലകളുള്ള വൃക്ഷം ഭൂമിക്ക് അലങ്കാരമാണെന്നു മാത്രമല്ല ആവശ്യവുമാണ്. പൂങ്കുലകളിലെ തേന്‍ തേനീച്ചകള്‍ക്കും വണ്ടുകള്‍ക്കും ആഹാരമാകും. പൂവില്‍നിന്നു കായുണ്ടാകുമ്പോള്‍ അനേകം ജീവികള്‍ക്ക് ആഹാരമാകും. കായിലെ വിത്തില്‍ നിന്നും പുതിയ വൃക്ഷങ്ങളും വൃക്ഷങ്ങളില്‍ വീണ്ടും പൂക്കുലകളും ഉണ്ടാകും. അതുപോലെ ഹ്രീംകാരത്തില്‍നിന്നു പുരുഷാര്‍ത്ഥങ്ങളും മോക്ഷരൂപമായ ആനന്ദവും ഉണ്ടാകുകയും സന്താനപരമ്പരയിലേയ്‌ക്കു സംക്രമിക്കുകയും ചെയ്യും.
…തുടരും
















