ശബരിമല:അന്നദാനത്തിന്റെ പുണ്യവുമായി അയ്യപ്പസേവാ സമാജത്തിന്റെ പ്രവര്‍ത്തകര്‍ ഭക്തര്‍ക്ക് അനുഗ്രഹമാകുന്നു. ദിനംപ്രതി തിരക്കേറുന്ന ശബരിമലയില്‍ രാവെന്നോ പകലെന്നോ ഭേദമില്ലാതെയാണ് സമാജത്തിന്റെ സേവനം. ഏതുസമയത്തും ഭക്തര്‍ക്ക് ഭക്ഷണമൊരുക്കിയാണ് അന്നദാനകേന്ദ്രം സന്നിധാനത്ത് ശ്രദ്ധാകേന്ദ്രമാകുന്നത്. ദിനംപ്രതി മുപ്പതിനായിരത്തില്‍പ്പരം തീര്‍ത്ഥാടകരാണ് മാളികപ്പുറത്തിനു സമീപമുള്ള അന്നദാനകേന്ദ്രത്തിലെത്തുന്നത്. വരുംദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ പ്രവാഹമാണ് സമാജം പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
നൂറിലധികം സേവനപ്രവര്ത്തകരാണ് അയ്യപ്പസേവാ സമാജത്തിന് സന്നിധാനത്തുള്ളത്. ദിനംപ്രതി പതിനായിരങ്ങള്‍ എത്തുന്ന അന്നദാനകേന്ദ്രത്തിന് സ്ഥലപരിമിതി കനത്തവെല്ലുവിളിയാണ്. മാസപൂജകള്‍ക്കും ഭക്തര്‍ക്ക് അന്നദാനം നല്കി മികച്ച സേവനപ്രവര്‍ത്തനമാണ് അയ്യപ്പസേവാസമാജം സന്നിധാനത്ത് നടത്തുന്നത്.
ഈ തീര്‍ത്ഥാടനക്കാലത്തെ അന്നദാനം 20 വരെ ഉണ്ടാവുമെന്ന് സന്നാധാനത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കെ.കൃഷ്ണമൂര്‍ത്തി അറിയിച്ചു. കൂടാതെ മകരവിളക്ക് കാലത്ത് ദിനംപ്രതി അരലക്ഷം പേര്‍ക്ക് അന്നദാനം നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ക്കുമുമ്പ് പാണ്ടിത്താവളത്തിനുസമീപം ചുക്കുവെള്ളം നല്‍കിയാണ് സമാജത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് അന്നദാനം നടത്താനുള്ള അനുമതി ദേവസ്വം ബോര്‍ഡ് നല്കി. അതിനുശേഷമാണ് മാളികപ്പുറത്തിനു സമീപമുള്ള അന്നദാനകേന്ദ്രം ആരംഭിച്ചത്. ഹോട്ടലുകള്‍ തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് ഒരളവുവരെ തടയാന്‍ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചിട്ടുണ്ട്.
കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് അയ്യപ്പസേവാ സമാജം പ്രവര്‍ത്തനം ആരംഭിച്ചത്. അന്നുമുതല്‍ സന്നിധാനത്ത് സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത് കൃഷ്ണമൂര്‍ത്തി എന്ന മൂര്ത്തിസ്വാമിയാണ്. അന്നുമുതല്‍ ഇന്നുവരെ ഒരുപരാതിയുമുണ്ടാക്കാതെ നിശബ്ദ പ്രവര്‍ത്തനത്തില്‍ വ്യാപൃതനാണ് അദ്ദേഹം.
മകരവിളക്ക് തീര്‍ത്ഥാടത്തിന് ശേഷം ഉള്‍വനം ശുചിയാക്കല്‍ പദ്ധതിക്കും അയ്യപ്പസേവാസമാജം രുപം നല്‍കിയതായി മൂര്ത്തിസ്വാമി അറിയിച്ചു. 20ന് രാവിലെ ശബരിമല നടഅടച്ചശേഷം പമ്പയിലും സന്നിധാനത്തും ശുചീകരണം ആരംഭിക്കും. കാട്ടിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികളും മറ്റ് മാലിന്യങ്ങളും ആയിരത്തോളം വരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ നീക്കം ചെയ്യും. ഇതിനായി അയല്‍സംസ്ഥാനങ്ങളില്‍നിന്നും പ്രവര്‍ത്തകര്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: