ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി സാക്കി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ പാക്കിസ്ഥാന്‍ വീണ്ടും തടങ്കലിലാക്കി. ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കിക്കൊണ്ടുള്ള ഇസ്ലാമബാദ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് പാക് സര്‍ക്കാരിന്റെ നടപടി. അന്‍വര്‍ ഖാന്‍ എന്ന ആറുവയസുകാരനെ തട്ടിക്കൊണ്ടു പോയകേസാണ് ലഖ്‌വിയെ ഇക്കുറി അഴിക്കുള്ളിലെത്തിച്ചത്.
ലഷ്‌കറിന്റെ കൊടുംഭീകരനായ ലഖ്‌വിയുടെ മോചനം സാധ്യമാക്കുന്ന തരത്തില്‍ നവാസ് ഷെരീഫ് ഭരണകൂടം കാട്ടുന്ന അലംഭാവത്തിലുള്ള പ്രതിഷേധം പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഭാരതം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലഖ്‌വിയെ ജയില്‍ അടയ്‌ക്കാന്‍ മറ്റുപോംവഴികള്‍ തേടാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായെന്നു വിലയിരുത്തപ്പെടുന്നു.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ലഖ്‌വിക്കെതിരെ തിങ്കളാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയിലെടുത്തു.
മുംബൈ ആക്രമണക്കേസില്‍ ലഖ്‌വിക്കെതിരെ തെളിവില്ലെന്നു പറഞ്ഞ് ഡിസംബര്‍ 18ന് ഭീകരവിരുദ്ധകോടതി അയാള്‍ക്ക് ജാമ്യം അനുവദിക്കുകയുണ്ടായി.
എന്നാല്‍ ഭാരതം അതിനെതിരെ ശക്തമായി രംഗത്തുവന്നു. തുടര്‍ന്ന് പൊതു സുരക്ഷാ നിയമപ്രകാരം ലഖ്‌വിയെ മൂന്നുമാസം കരുതല്‍ തടങ്കലില്‍ വയ്‌ക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ ലഖ്‌വി നല്‍കി പരാതി സ്വീകരിച്ച മേല്‍ക്കോടതി കഴിഞ്ഞദിവസം അയാളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.
















