ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ ലഷ്‌കര്‍ ഭീകരന്‍ സാക്കിര്‍ ഉര്‍ റഹ്മാന്‍ ലഖ്‌വിയെ പാകിസ്ഥാന്‍ വീണ്ടും കസ്റ്റഡിയില്‍ എടുത്തു. ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പാകിസ്താന്റെ നടപടി.
ലഖ്‌വിക്കെതിരെ പുതിയ കേസും എടുത്തിട്ടുണ്ട്. ഡിസംബര്‍ 18ന് അറസ്റ്റിലായ ലഖ്‌വിയെ ഇസ്ലാമാബാദ് ഹൈക്കോടതി തിങ്കളാഴ്ച മോചിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും തടങ്കലിലാക്കിയത്.
ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡറായിരുന്ന ലഖ്‌വിക്ക് ഇസ്‌ലാമാബാദിലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് ലഖ്‌വിയെ തടവില്‍ തന്നെ പാര്‍പ്പിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് ഇസ്ലാമാബാദ് കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
ലഖ്‌വി മോചിതനാകുമെന്ന് വ്യക്തമായതോടെ ഇന്ത്യ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു കേസ് ചുമത്തി ലഖ്‌വിയെ കരുതല്‍ തടങ്കലില്‍ തന്നെ പാര്‍പ്പിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ലഖ്‌വിയുടെ മോചനം തടയുന്നതിന് വേണ്ടി പാക് സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് ആരോപിച്ചിരുന്നു.
















