ബാരി:തീപിടിച്ച കപ്പലില്‍നിന്നും രക്ഷപ്പെടുത്തിയ 49 പേര്‍ ഇന്നലെ രാവിലെ ഇറ്റലിയിലെ ബാരി തുറമുഖത്തെത്തി. അഡ്രിയാറ്റിക് കടലില്‍ കോര്‍ഫു ദ്വീപിനുസമീപം ഞായറാഴ്ച തീപിടിച്ച നോര്‍മന്‍ അറ്റ്‌ലാന്റിക് എന്ന ഇറ്റാലിയന്‍ കപ്പലില്‍നിന്നും രക്ഷപ്പെടുത്തിയ യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യരക്ഷാബോട്ടാണ് തുറമുഖത്തെത്തിയത്.
ഇതുവരെ 316 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇപ്പോഴും 160 ഓളം പേര്‍ തീപിടിച്ച കപ്പലില്‍ കുടങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെയും എത്രയുംവേഗം സുരക്ഷിതരായി കരയ്‌ക്കെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നവര്‍ക്ക് വൈദ്യസഹായത്തിനും താമസത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. കപ്പലുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. തീപിടിച്ച കപ്പലില്‍നിന്നും കടലിലേക്ക് ചാടിയ ഒരാള്‍ മരിച്ചിരുന്നു. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഗ്രീസിലെ പാത്രാസ് തുറമുഖത്തുനിന്ന് ഇറ്റലിയിലെ അന്‍കോണ തുറമുഖത്തേക്കു 422 യാത്രക്കാരും 56 ജീവനക്കാരുമടക്കം 478 പേരുമായി പുറപ്പെട്ട കപ്പലിലാണ് വന്‍ അഗ്നിബാധ ഉണ്ടായത്. അഡ്രിയാറ്റിക് കടലില്‍ കോര്‍ഫു ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് 81 കിലോമീറ്റര്‍ അകലെ എത്തിയപ്പോഴായിരുന്നു അപകടം. കപ്പലില്‍ വാഹനങ്ങള്‍ കയറ്റിയ താഴത്തെ തട്ടിലാണ് ആദ്യം തീപടര്‍ന്നത്. യാത്രയ്‌ക്കൊപ്പം വാഹനങ്ങള്‍ കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഈ കപ്പലില്‍ 222 വാഹനങ്ങളും ഉണ്ടായിരുന്നു. കപ്പലിലെ യാത്രക്കാരിലേറെപ്പേരും ഗ്രീക്ക് പൗരന്‍മാരാണ്. ഇറ്റലി, തുര്‍ക്കി, അല്‍ബേനിയ, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നു.
കനത്ത ഇരുട്ടും മോശമായ കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നതായി അഡ്മിറല്‍ ഗിവാന്നി പെറ്റോറിനോ പറഞ്ഞു. കപ്പലില്‍ അവശേഷിക്കുന്നവര്‍ക്ക് കനത്തതണുപ്പില്‍നിന്നും രക്ഷപ്പെടുന്നതിനായി ബ്‌ളാങ്കറ്റുകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















