ഇസ്ലാമബാദ്: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി ലഷ്‌കര്‍ ഭീകരന്‍ സാക്കിര്‍ ഉര്‍ റഹ്മാന്‍ ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ ഇസ്ലാമബാദ് ഹൈക്കോടതി തിങ്കളാഴ്ച റദ്ദാക്കി.
ഇതോടെ അധികം വൈകാതെ ലഖ്‌വി ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്ന് തീര്‍ച്ചയായി. നേരത്തെ കീഴ്‌ക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ ലഖ്‌വിയുടെ മോചനം തടഞ്ഞ് പാക് സര്‍ക്കാര്‍ വീണ്ടും തടങ്കലില്‍ ആക്കിയിരുന്നു.
ജാമ്യം നല്‍കി ഒരാഴ്ച കഴിഞ്ഞാണ് ഇസ്ലാമബാദിലെ ഭീകരവിരുദ്ധ കോടതി ജഡ്ജി കൗസര്‍ അബ്ബാസ് സെയ്ദിയില്‍ നിന്ന് പാക് സര്‍ക്കാരിന് ജാമ്യ ഉത്തരവ് ലഭിക്കുന്നത്. ഈ ഉത്തരവിന്റെ പകര്‍പ്പ് സര്‍ക്കാരിന് കൈമാറാതിരുന്നത് പ്രോസിക്യൂഷനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ജാമ്യ ഉത്തരവ് സര്‍ക്കാരിന് നല്‍കാതിരുന്നതിന്റെ കാരണം ജഡ്ജി വ്യക്തമാക്കിയിട്ടില്ല.
മുംബൈ ആക്രമണക്കേസില്‍ ലഖ്‌വിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചില്ലെന്നു കാട്ടിയാണ് ജഡ്ജി സെയ്ദി ഡിസംബര്‍ 18ന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജയില്‍ മോചനം നേടുന്നതിന് മുമ്പ് പൊതു സുരക്ഷാ നിയമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ലഖ്‌വിയെ മൂന്നു മാസത്തേക്ക് കൂടി കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇപ്പോള്‍ വിചാരണ നടക്കുന്ന അദിയാല ജയിലിലാണ് ലഖ്‌വി.
സര്‍ക്കാര്‍ തന്റെ മോചനം തടഞ്ഞതിനെതിരെ ലഖ്‌വി വെള്ളിയാഴ്ച ഇസ്ലാമബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 54 കാരനായ ലഖ്‌വിക്കെതിരെ െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) സമര്‍പ്പിച്ച തെളിവുകള്‍ പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സെയ്ദി ജാമ്യം അനുവദിച്ചത്. ലഖ്‌വിക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ ഭാരതം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
ലഖ്‌വിയോടൊപ്പം അബ്ദുള്‍ വാജിദ്, മസ്ഹര്‍ ഇഖ്ബാല്‍, ഹമദ് അമിന്‍ സാദിഖ്, ഷാഹിദ് ജമീല്‍ റിയാസ്, ജാമില്‍ അഹമ്മദ്, യൂനിസ് അഞ്ജും എന്നീ ആറുപേര്‍ക്ക് 2008 നവംബര്‍ 26ന് നടന്ന മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
















