വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധത്തിന് ഉത്തരവാദപ്പെട്ട പരിസമാപ്തി ഉണ്ടായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍-നാറ്റോ സഖ്യസേന മടങ്ങുന്നതിന് മുന്നോടിയായാണ് ഒബാമയുടെ പ്രസ്താവന പുറത്തു വന്നത്. എന്നാല്‍ ആ രാജ്യം ഇപ്പോഴും അപകടകരമായ സ്ഥാനത്ത് തന്നെയാണെന്നും ഒബാമ വ്യക്തമാക്കി.
13 വര്‍ഷം നീണ്ട അഫ്ഗാനിസ്ഥാനിലെ നാറ്റോ യുദ്ധത്തിന് ഞായറാഴ്ചയാണ് ഔദ്യോഗികമായ സമാപനം ഉണ്ടായത്. കാബൂളില്‍ നടന്ന കൊടി താഴ്‌ത്തല്‍ ചടങ്ങോടെ അഫ്ഗാനില്‍ അമേരിക്ക നടത്തി വന്നിരുന്ന സൈനിക ഇടപെടല്‍ തദ്ദേശീയ സൈന്യത്തിന് കൈമാറി. കഴിഞ്ഞ 13 വര്‍ഷമായി താലിബാനെ തകര്‍ക്കാന്‍ നടത്തിയ യുദ്ധത്തില്‍ അമേരിക്കയുടെ 2,200 സൈനികരാണ് കൊല്ലപ്പെട്ടത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധത്തിന് തിരശ്ശീല വീഴുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഒബാമ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ആണ്‍പെണ്‍ സൈനികര്‍ക്ക് ആദരാഞ്ജലിയും അര്‍പ്പിച്ചു.
ഇക്കഴിഞ്ഞ 13 വര്‍ഷത്തിനിടെ അല്‍ഖ്വയ്ദയുടെ അടിവേരറുക്കാനും ഒസാമ ബിന്‍ ലാദനെ ശിക്ഷിക്കാനും സാധിച്ചതിലൂടെ അനേകം അമേരിക്കക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ഈ സേവനത്തിലൂടെ നമ്മള്‍ സുരക്ഷിതരാണെന്നും രാജ്യം ഒന്നു കൂടി സംരക്ഷിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നു മുതല്‍ അമേരിക്ക നേതൃത്വം നല്‍കി വന്ന രാജ്യാന്തര സുരക്ഷാ സഹായ സേന പിന്‍വാങ്ങുമെന്നും അഫ്ഗാന്‍ സൈന്യത്തിന് പരിശീലനവും പിന്തുണയും നല്‍കുന്നത് തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
















