ഇസ്ലാമബാദ്: പെഷവാറിലെ സ്‌കൂള്‍ ആക്രമിച്ച് 130 ഓളം വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ സുരക്ഷാസൈന്യം വധിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
തെഹ് രീക് താലിബാന്‍ പാക്കിസ്ഥാന്‍ എന്ന ഭീകരസംഘടനയുടെ താരിഖ് ഗദ്ദാര്‍ സംഘത്തിലെ പ്രമുഖ നേതാവായ സദ്ദാമിനെയാണ് സുരക്ഷാ സൈന്യം വധിച്ചത്.
കഴിഞ്ഞദിവസം ജാംറുഡിലെ ഗുണ്ടി പ്രദേശത്തു വച്ച് സുരക്ഷാ സൈന്യം സദ്ദാമിനെ ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നെന്ന് കൈബര്‍ ഏജന്‍സിയുടെ പെഷവാര്‍ പൊളിറ്റിക്കല്‍ ഏജന്റ് ഷഹാബ് അലി ഷാ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇയാളുടെ ഏറ്റവും അടുത്ത അനുയായിയെ സുരക്ഷാ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തതായി ഷാ പറഞ്ഞു.
സദ്ദാമാണ് പെഷവാറിലെ സൈനിക സ്‌കൂള്‍ ആക്രമിക്കാന്‍ ഏഴുപേരടങ്ങുന്ന ഭീകരസംഘത്തെ നിയോഗിച്ചത്. ഡിസംബര്‍ 16ന് നടന്ന ആക്രമണത്തില്‍ 150 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളായിരുന്നു.
കഴിഞ്ഞ വര്‍ഷം കൈബര്‍ പഖ്തൂണ്‍ഖ്വായില്‍ 11 സുരക്ഷാ ഭടന്മാരെ കൊലപ്പെടുത്തിയ സംഭവം ആസൂത്രണം ചെയ്തതും സദ്ദാമാണെന്ന് വ്യക്തമായിരുന്നു.
















