പാരീസ്: അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതാണെന്ന് പുതിയ വെളിപ്പെടുത്തല്‍.
ഫ്രഞ്ച് വിമാനക്കമ്പനിയായ പ്രോട്ടിയസ് എയര്‍ലൈന്‍സിന്റെ മുന്‍ മേധാവി മാര്‍ക് ഡുഗൈനാണ് അവകാശവാദവുമായി രംഗത്തെത്തിയത്.
ഭീകരര്‍ റാഞ്ചിയ വിമാനം ആക്രമണത്തിന് ഉപയോഗിക്കപ്പെട്ടേക്കുമെന്ന ഭയമാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഡീഗോ ഗാര്‍ഷിയ ദ്വീപിനു സമീപമാണു വിമാനം വെടിവച്ചിട്ടത്. ‘പാരീസ് മാച്ച്’ എന്ന ഫ്രഞ്ച് മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ പരാമര്‍ശം.
തട്ടിയെടുത്ത വിമാനം ഉപയോഗിച്ചാണു അല്‍ ക്വയ്ദ ഭീകരര്‍ 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയില്‍ ആക്രമണം നടത്തിയത്. മലേഷ്യന്‍ വിമാനം ഉപയോഗിച്ചു സമാന ആക്രമണം നടത്തുമെന്നായിരുന്നു ഭീതി. ബറാ ദ്വീപിനു സമീപത്തുനിന്നു വിമാനത്തിന്റെ അവശിഷ്ടവും ലഭിച്ചെന്നും ഇദ്ദേഹം പറയുന്നു. 63 മീറ്റര്‍ നീളമുള്ള ‘അജ്ഞാത അവശിഷ്ടം’ പിന്നെ കണ്ടില്ലെന്ന് പ്രസ്താവനയിറക്കി. അതും ദുരൂഹമായ കാര്യമാണ് മാര്‍ക്ക് ആരോപിച്ചു.
















