ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സഖി ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക് ജാമ്യംനല്‍കിയ പാക് നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. ഇതു ലോകമെമ്പാടുമുള്ള, മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് കനത്ത ആഘാതമാണുണ്ടാക്കിയത്, മോദി പറഞ്ഞു. ലഖ്‌വിക്ക് ജാമ്യം നല്‍കിയതിലുള്ള ഉത്കണ്ഠയും ആശങ്കയും അവരെ നാം അറിയിച്ചിട്ടുണ്ട്. പെഷവാറിലെ കുരുന്നുകളുടെ കൂട്ടക്കുരുതിയില്‍ ഭാരതവും വിതുമ്പുകയാണ്, അദ്ദേഹം പറഞ്ഞു.
ലഖ്‌വിക്ക് ജാമ്യം നല്‍കിയതിലൂടെ ഭീകരതയ്‌ക്കെതിരായ പാക്കിസ്ഥാന്റെ പോരാട്ടം വെറും പ്രഹസനമായെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ലോക്‌സഭയില്‍ പറഞ്ഞു. ലഖ്‌വിക്കെതിരെ തെളിവില്ലെന്ന വാദം ഭാരതം തള്ളുന്നു, സുഷമ വ്യക്തമാക്കി.
ലഖ്‌വി അടക്കമുള്ളവര്‍ക്കെതിരായ വിചാരണയും ആക്രമണത്തിനു പിന്നിലെ ഗൂഡാലോചനയെപ്പറ്റിയുള്ള അന്വേഷണവും മന്ദഗതിയിലാണ് നീങ്ങുന്നത്, വിദേശകാര്യ വക്താവ് സെയ്ദ് അക്ബറുദ്ദീന്‍ ആരോപിച്ചു. പാക്കിസ്ഥാന്‍ കേസ് പലകുറി മാറ്റിവച്ചു. വക്കീലന്മാരെയും സാക്ഷികളെയും കിട്ടാതെ വന്നു. ലഖ്‌വിക്ക് ജാമ്യം ലഭിച്ചതോടെ ഈ നാടകം പുതിയ തലത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഖ്‌വിക്ക് ജാമ്യം നല്‍കിയതിനെ ഭാരത പാര്‍ലമെന്റ് ശക്തമായി അപലപിച്ചു. പാക് നടപടിയില്‍ രോഷം പ്രകടിപ്പിച്ച പാര്‍ലമെന്റ് ജാമ്യം റദ്ദാക്കണമെന്നും പ്രമേയത്തില്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു ശേഷമാണ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്. മോദിയുടെ പ്രസംഗവേളയില്‍ രാഷ്‌ട്രീയം മറന്ന് സകലരും ഒറ്റക്കെട്ടായി നിലകൊണ്ടു.
















