ഭക്തിയോഗവും തത്വചിന്താപരമായ ജ്ഞാനയോഗവും ഈശ്വരാനുഭൂതിയിലാണ് അന്ത്യത്തില്‍ പരിസമാപിക്കുന്നത്. ഏതു മാര്‍ഗ്ഗമായാലും ശരി ആത്മാര്‍ത്ഥതയോടെ സമര്‍ഹമായ നേതൃത്വത്തിന് വിധേയമായി കര്‍മ്മങ്ങള്‍ ആചരിച്ചാല്‍ ഈശ്വരനില്‍ തന്നെ എത്തിച്ചേരും. സംസ്‌കാരശൂന്യനായ തസ്‌ക്കരന്‍ പാപഭാരത്താല്‍ രാമനാമംപോലും വേണ്ടപ്രകാരം ഉച്ചരിച്ചില്ല. എന്നിട്ടുപോലും പില്‍ക്കാലത്ത് നാരദമഹര്‍ഷിയുടെ കൃപാതിരേകത്താല്‍ സര്‍വ്വസമാരാദ്ധ്യമഹര്‍ഷിയായ വാത്മീകി ഔല്‍കൃഷ്ട്യം പ്രാപിച്ചില്ലേ!
തന്റെ ഭാര്യയും കുട്ടികളും താന്‍ ചെയ്ത പാപകര്‍മ്മങ്ങളുടെ പങ്കാളിയാവുകയില്ലെന്ന അറിവാണ് വാത്മീകിയുടെ കണ്ണ് തുറപ്പിച്ച സംഭവം. അദ്ദേഹം ലൗകികമായ ബന്ധങ്ങളുടെ അന്തസാര ശൂന്യത പെട്ടെന്നറിയുകയും തന്റെ ഹൃദയത്തെ അദ്യന്തവിഹീനമായ പ്രേമസാഗരത്തില്‍ അതായത് ഭഗവാന്‍ ശ്രീരാമചന്ദ്രനില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ഒരുവന്‍ ആന്തരികമായി കൂടുതല്‍ കൂടുതല്‍ വിശുദ്ധീ ആര്‍ജ്ജിക്കുന്നതിനനുസരിച്ച് ഈശ്വരനുമായി അടുക്കുവാനും സാധിക്കുന്നു.
ഈശ്വരന്‍ അനുവദിക്കുന്ന സുദുര്‍ല്ലഭമായ അനുഗ്രഹം കൊണ്ടാണ് ജീവന്മാര്‍ക്ക് സഗുണബ്രഹ്മത്തിന്റെ ദര്‍ശനവും സമ്പര്‍ക്കവും സിദ്ധിക്കുന്നത്. സഗുണബ്രഹ്മം ഭൂമിയില്‍ അവതരിപ്പിക്കുമ്പോള്‍ മോക്ഷ കവാടങ്ങള്‍ മലര്‍ക്കെ തുറന്നുകിടക്കും. യോഗമേരുവിന്റെ കൊടുമുടി പ്രാപിച്ചിട്ടും മാരുതി രാമനാമത്തെ പരിത്യജിച്ചില്ല. രാമനും രാമനാമവും തമ്മില്‍ അദ്ദേഹം ഒരു ഭേദവും കണ്ടില്ല. രാമകാര്യത്തിനു ഭക്തനായ മാരുതി ആത്മാര്‍പ്പണം ചെയ്തിരുന്നു. ”ഞാന്‍” ”എന്റേത്” എന്നുള്ള വിചാരങ്ങളെല്ലാംഉരുകി അലിയാനുള്ളതാണ് രാമനാമം.നിര്‍ഗുണ ബ്രഹ്മം അതായത് നിരാകാരനായ ഈശ്വരന്‍ ഉരുകിയ നെയ്യാണെങ്കില്‍ സഗുണബ്രഹ്മം ഉറഞ്ഞ വെണ്ണയാണ്. ഒരു ഭക്തന്‍ മാത്രമേ ഈ സത്യം അറിയുന്നുള്ളൂ. നിഷ്ഠ ശ്രദ്ധാപൂര്‍വം അനുഷ്ഠിക്കുവിന്‍. ദുര്‍ഘട ഘട്ടങ്ങളിലും വിപല്‍ക്കരമായ സന്ദര്‍ഭങ്ങളിലും നിഷ്ഠാപ്രഭാവം ഈശ്വരന്റെ സംരക്ഷണശക്തിയെ നിങ്ങളിലേക്കാവാഹിക്കും. ജീവിതത്തെ ആദ്യാവസാനം ഒരു സാധനയാക്കി മാറ്റുക. ഈശ്വരനാമം സദാപി അധരത്തില്‍ തത്തിക്കളിക്കട്ടെ.
















