ഓര്‍മപ്പാളികള്‍ക്കപ്പുറം ഇരമ്പിയാര്‍ക്കുന്നുണ്ട്-
മുഖങ്ങള്‍ നഷ്ടപ്പെടുത്തിയ കണ്ണീര്‍ച്ചാലുകള്‍
നിര്‍വികാരതയും ഘനത്വം
കേള്‍ക്കാതിരുന്ന പ്രാര്‍ത്ഥനകള്‍
അറിഞ്ഞില്ലെന്നു ഭാവിച്ച സൗഹൃദസുഗന്ധങ്ങള്‍
നെറുകില്‍ പതിച്ച ശാപവചനങ്ങള്‍
കണ്ടില്ലെന്നു നടിച്ച സ്‌നേഹച്ചിമിഴുകള്‍
പടവുകളില്ലാത്ത യൗവന ഭൂമികയില്‍-
വീഴ്ചകള്‍ ഭയക്കാതെ
ആടിത്തിമിര്‍ത്ത ശരീരോത്സവങ്ങള്‍
ചിറകുവിടര്‍ത്തിയ മൃഗീയ ഭാവനകള്‍
ഇന്ന്…
നിലവിളികള്‍ക്ക് ജന്മം നല്‍കി
സ്വപ്‌നങ്ങളെന്നെ വിട്ടകന്നു
വൈറസുകള്‍ പുളയ്‌ക്കുന്ന രക്തം
സിരകളിലുറയുമ്പോള്‍
പുകവളയങ്ങളില്‍ പൊട്ടിച്ചിരികള്‍ കോര്‍ത്ത്
വിറങ്ങലിച്ച നിശബ്ദതയില്‍
ദൂരങ്ങള്‍ പിന്നിടുമ്പോള്‍
പെയ്‌തൊഴിയാതെ പിന്തുടരുന്ന മഴയ്‌ക്കുമാത്രം
വിടപറയാന്‍ നേരമായില്ലെന്നോ…?
















