33.കുന്ദപംക്തിസമാനാഭദന്തരാജിവിരാജിതാ – കുന്ദപംക്തി- മുല്ലമൊട്ടിന്റെ നിര; സമാനാഭ-സമാനമായ, തുല്യമായ ആകൃതിയും പ്രകാശവും; ദന്തരാജി- പല്ലുകളുടെ നിര; വിരാജിതാ- ശോഭിക്കുന്നവള്‍.
മുല്ലമൊട്ടിന്റെ നിരപോലെ ശോഭിക്കുന്നവ പല്ലുകളുടെ നിരകൊണ്ട് വിരാജിക്കുന്നവള്‍. പല്ലുകളെ മുല്ലമമൊട്ടുകളോടുപമിക്കുന്നത് അംഗീകൃതമായ കവി സങ്കേതം. ദേവിയുടെ ദന്തഭംഗി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ആലങ്കാരിക കല്പന.
34.സൗന്ദര്യസാരസര്‍വസ്വചിബുകശ്രീവിലാസിനീ – സൗന്ദര്യസാരത്തിന്റെ സര്‍വസ്വമെന്നു പറയാവുന്ന താടിയുടെ ഭംഗികൊണ്ടു പ്രകാശിക്കുന്നവള്‍. മൂകാംബിക ദേവിയുടെ ചിബുകത്തിനു സദൃശമായി എടുത്തുപറയാന്‍ ഒന്നും കിട്ടാത്തതുകൊണ്ട് സൗന്ദര്യം എന്ന സങ്കല്‍പത്തിന്റെ സാരസര്‍വസ്വമാണ അമ്മയുടെ താടി. അതു പറഞ്ഞറിയിക്കാനുകയില്ല എന്നു പറഞ്ഞ് സ്‌തോത്രകര്‍ത്താവു പിന്മാറുകയാണ്.
വാഗ്‌ദേവതകള്‍ രചിച്ച ലളിതാസഹസ്രനാമത്തില്‍ ദേവിയെ നേരില്‍ കണ്ടും സ്തുതിക്കുന്ന വാഗ്‌ദേവതകള്‍ അനാകലിത സാദൃശ്യ ചിബുകശ്രീവിരാജിത (മറ്റൊന്നുമായി സാദൃശ്യമുണ്ടന്നു പറയാനാകാത്ത ചിബുകശ്രീകൊണ്ടു ശോഭിക്കുന്നവള്‍ എന്നുപറഞ്ഞു പിന്മാറി. മൂകാംബികയെ മാംസ ചകുടുസ്സുകൊണ്ടു കണ്ടു സ്തുതിച്ച ശങ്കരാചാര്യര്‍ ദേവിയുടെ ചിബുകത്തെ വര്‍ണ്ണിക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മനോഹരമായ ശ്ലോകം ഉദ്ധരിക്കുന്നു.
”കരാഗ്രേണ സ്പൃഷ്ടം തുഹിനഗരിണാ വത്സലതയാ
ഗിരീശേനോദസ്തം മുഹുരധരപാനാകുലതയാ
കരഗ്രാഹ്യം ശംഭോര്‍മുഖ മുകുരവൃന്തം ഗിരിസുതേ
കഥംകാരം ബ്രൂമസ്തവചിബുകമൗപമ്യരഹിതം”
(പര്‍വതപുത്രിയായ അല്ലയോ ദേവീ, പര്‍വതരാജനാല്‍ വാത്സല്യത്തോടുകൂടി സ്പര്‍ശിക്കപ്പെട്ടതും അധരപാനകാലനായ ശിവനാല്‍ വീണ്ടും വീണ്ടും ഉയര്‍ത്തപ്പെട്ടതും മുഖമാകുന്ന മുകുരത്തിന്റെ കൈപിടിപോലെയുള്ളതും ഔപമ്യരഹിതവുമായ നിന്തിരുവടിയുടെ ചിബുകത്തെ എങ്ങനെ വര്‍ണിക്കാനാകും. ) വിഗ്രഹത്തില്‍ കണ്ടോ ധ്യാനിച്ചോ അറിയാന്‍ ശ്രമിക്കാം.
…. തുടരും
















