26 വതംസീഭൂത ചന്ദ്രാര്‍ക്കകാന്തിബിംബിതഗണ്ഡഭൂ: വതംസം- കര്‍ണ്ണാഭരണം, വതംസീഭൂത- കര്‍ണ്ണാഭരണമായിത്തീര്‍ന്ന; ചന്ദ്രര്‍ക- ചന്ദ്രന്റെയും സൂര്യന്റെയും; കാന്തി- ശോഭ; ബിംബിത- പ്രതിബിംബിക്കുന്ന; ഗണ്ഡഭൂ-കവിള്‍ത്തടങ്ങളുള്ളവള്‍.
കര്‍ണ്ണാഭരണങ്ങളായിത്തീര്‍ന്ന ചന്ദ്രന്റെയും സൂര്യന്റെയും പ്രകാശം പ്രതിബിംബിക്കുന്ന കവിള്‍ത്തടങ്ങളുള്ളവള്‍.
സൂര്യനെയും ചന്ദ്രനെയും കര്‍ണ്ണാഭരണങ്ങളായി അണിയുന്ന ദേവിയുടെ വിരാടരൂപമാണ് ഉദ്ദേശിക്കുന്നതെന്നു പറയാം. സൂര്യനും ചന്ദ്രനും ദേവിയുടെ കര്‍ണ്ണാഭരണങ്ങളാകാന്‍ വേണ്ടി സ്വരൂപം ചെറുതാക്കിയതുമാകാം. അവയുടെ പ്രകാശം ദേവിയുടെ ഗണ്ഡതലത്തില്‍ പ്രതിഫലിക്കുന്നതായി പറയുമ്പോള്‍ കവിള്‍ത്തടത്തിന്റെ ഭംഗി വ്യക്തമാകുന്നു. പദ്മരാഗ ശിലാദര്‍ശ പരിഭാവി കപോലഭൂഃ”(പദ്മരാഗക്കല്ലുകൊണ്ടുനിര്‍മ്മിച്ച കണ്ണാടിയെ തോല്‍പ്പിക്കുന്ന കവിള്‍ത്തടം ഉള്ളവളായി ലളിതാ സഹസ്രനാമം ദേവിയെ സ്തുതിക്കുന്നു. ഈ സൗന്ദര്യലഹരി 59-ാം ശ്ലോകത്തില്‍ ”സ്ഫുരത് ഗണ്ഡാഭോഗ പ്രതിഫലിത തടാങ്കയുഗളം ചതിശ്ചക്രം മന്യേ തവ മുഖമിദം മന്മഥരഥം” (അല്ലയോ ദേവീ, സ്ഫുരിക്കുന്ന ഗണ്ഡസ്ഥലത്തില്‍ പ്രതിഫലിക്കുന്ന താടങ്കയുഗങ്ങളണിഞ്ഞ നിന്തുരുവടിയുടെ ഈ മുഖം നാലു ചക്രങ്ങളുള്ള മന്മഥരതമാണെന്നു ഞാന്‍ വിചാരിക്കുന്നു) എന്നു വര്‍ണ്ണിക്കുന്നു.
27. അംഭോജദലസങ്കാശദീര്‍ഘായതവിലോചന: അംഭോജദല-താമരയിതളിന്, സങ്കാശ- തുല്യമായ ഭംഗിയുള്ള; ദീര്‍ഘ- നീളവും; അയത- വലിപ്പമുള്ള, വിശാലമായ; വിലോചനാ കണ്ണുകളുള്ളവള്‍.
താമരപ്പൂവിന്റെ ഇതള്‍പോലെ ശോഭിക്കുന്ന നീണ്ടിടംപെട്ട കണ്ണുകളുള്ളവള്‍. സുന്ദരിമാരുടെ കണ്ണുകളെ താമരയിതളിനോടുപമിക്കുന്നത് ഭാരതീയ കവിസങ്കേതം.
…. തുടരും
















