ഇടുക്കി : വീരചരമം പ്രാപിച്ച സൈനികര്‍ക്കും വിമുക്ത ഭടന്മാര്ക്കും ആദരവ് നല്കി പതാക ദിനം ആചരിച്ചു. തൊടുപുഴ പോസ്റ്റ് ആന്റ് ടെലഗ്രാഫ് ഭവനില്‍ മുന്‍സിപ്പല്‍ ചെയര്മാന് എ.എം.ഹാരിദ് ഉദ്ഘാടനം നിര്‍വഹിച്ചു.
അസിസ്റ്റന്റ് കളക്ടര്‍ ജാഫര്‍മാലിക് ഐ.എ.എസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ച സായുധ സേനാംഗങ്ങളെ കൃതജ്ഞതാപൂര്‍വം സ്മരിച്ചു.
യുദ്ധം മൂലം വിധവകളായവരുടേയും സായുധ സേനാംഗങ്ങളുടേയും വിമുക്ത ഭടന്മാരുടേയും അവരുടെ വിധവകളുടേയും കുടുംബാംഗങ്ങളുടേയും പുനരധിവാസം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പതാക ദിനം സംഘടിപ്പിച്ചത്. വീരമൃത്യു വരിച്ച ജവാന് വി.കെ. സന്തോഷ്കുമാറിന്റെ ഭാര്യ പ്രിയ.കെ.ജിയില്‍ നിന്ന് മുന്‍സിപ്പല്‍ ചെയര്മാന് എ.എം.ഹാരിദ് പതാക ഏറ്റ് വാങ്ങി ഫണ്ട് ശേഖരാണര്‍ത്ഥമുള്ള പതാക വില്‍പ്പന ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് കളക്ടര്‍ ജാഫര്‍മാലിക് ഐ.എ.എസും മുന്‍സിപ്പല്‍ ചെയര്‍മാനും സംയുക്തമായി സൈനിക സ്മരണിക ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ഹോണി ഫ്ളൈറ്റ് ലഫ്. എം.പി.ശിവരാമന് നല്കി പ്രകാശനം ചെയ്തു. അഞ്ചു രൂപയുടെ ഒരു ലക്ഷം പതാകകളും പത്ത് രൂപയുടെ 30000 കാര്‍ പതാകകളും ഫണ്ട് ശേഖരണാര്‍ത്ഥം വില്പന നടത്തും.
ചടങ്ങില്‍ അസി.കളക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് വിമുക്ത ഭടന്മാരുടേയും ജവാന്മാരുടേയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
ജില്ലാസൈനിക ക്ഷേമ ഓഫീസര്‍ ഫ്ളൈറ്റ് ലഫ്.എ.കിഷന് (റിട്ട), ഇ.സി.എച്ച്.എസ്, പോളികഌനിക് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ക്യാപ്റ്റന്‍ എം.സി.റോയി (റിട്ട), കെ.എസ്.ഇ.എല്‍ ജില്ലാ പ്രസിഡന്റ് വി.എം. പൗലോസ്, കെ.പി.ഇ.സി ജില്ലാ പ്രസിഡന്റ് റെജി.ജി.നായര്‍, ജില്ലാ സൈനിക ബോര്‍ഡ് അംഗം വി.കൃഷ്ണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിമുക്തഭടന്മാര്ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാറുകളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: