യജ്ഞത്തിന്റെ അവശിഷ്ടത്തെ അഥവാ ഭഗവാനു സമര്‍പ്പിച്ച നിവേദ്യത്തെ ആദരിക്കുകയും ഭുജിക്കുകയും ചെയ്യുന്നതോടെ ഒരാള്‍ പൂര്‍ണമായും കുറ്റവിമുക്തനാക്കപ്പെടുകയും അയാള്‍ക്ക് എല്ലാ വിധത്തിലുമുള്ള ബന്ധനങ്ങളില്‍നിന്നും മോചനം ലഭിക്കുകയും ചെയ്യുന്നു.
പാപങ്ങളൊഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടു ശ്രദ്ധാപൂര്‍വം ജീവിക്കുകയും അഹിംസാമാര്‍ഗം കര്‍ശനമായി അനുസരിക്കുകയും ചെയ്താല്‍പ്പോലും നമ്മുടെ ജീവിതം കര്‍മബന്ധങ്ങളുടെ ചക്രഗതിയാല്‍ നിയന്ത്രിക്കപ്പെടുന്നു.
അതിനാല്‍ നിനച്ചിരിക്കാതെ പല പാപങ്ങളും ചെയ്യാന്‍ നാം നിര്‍ബന്ധിതരായത്തീരുന്നു. വ്യാപാരകാര്യങ്ങളിലും സാധാരണ മാനുഷികമായ ഇടപാടുകളിലും അതുപോലെത്തന്നെ രാഷ്‌ട്രീയവും ഭരണപരവുമായ കാര്യങ്ങളിലുമെല്ലാം നാം അനേകം പാപങ്ങള്‍ ചെയ്തുകൂട്ടാറുണ്ട്.
അഹിംസയെ പിന്‍താങ്ങിക്കൊണ്ടുള്ള ഉത്‌ക്രോശം നല്ലതുതന്നെ, എന്നാല്‍ നിത്യ ജീവിതത്തില്‍ പലപ്പോഴും ഹിംസയും അക്രമവും നടത്തേണ്ടിവരും. പല പാപങ്ങളും ഒഴിവാക്കുന്നതില്‍ വിജയിച്ചേക്കാം. എന്നാല്‍ പഞ്ചസൂനം എന്നറിയപ്പെടുന്ന അഞ്ചു മഹാപാതകങ്ങളില്‍നിന്നു മുക്തനാവുക അസാധ്യമാണ്.
വഴി നടക്കുമ്പോള്‍ നമ്മുടെ ഇംഗിതത്തിനു വിരുദ്ധമായി നാം അനേകം ഉറുമ്പുകളെ ചവിട്ടിമെതിക്കുന്നു. വീടു വൃത്തിയാക്കുമ്പോള്‍ എണ്ണമറ്റ ക്ഷുദ്രജീവികളെ അടിച്ചുകൊല്ലുന്നു.
ധാന്യങ്ങള്‍ പൊടിക്കുമ്പോഴും അരയ്‌ക്കുമ്പോഴും തീ കത്തിക്കുമ്പോഴും അസംഖ്യം ചെറുജീവികളെ നാം കൊന്നൊടുക്കുന്നു.
നാം നിത്യം ചെയ്യുന്ന ജോലികളില്‍ പലപ്പോഴും നമുക്ക് ഹിംസ ചെയ്യേണ്ടിവരുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ നാം പാപം ചെയ്യുന്നു. ഇങ്ങനെ, മനുഷ്യമസ്തിഷ്‌കം സൃഷ്ടിച്ച ഒരു മതം അഹിംസയുടെ മാര്‍ഗം അതിനുവേണ്ടിത്തന്നെ സ്വീകരിക്കാന്‍ ഒരുവനു പ്രേരണയരുളുമ്പോള്‍ അത് ഒരാള്‍ക്ക് അനുകൂലവും മറ്റൊരാള്‍ക്ക് പ്രതികൂലവുമായി ഭവിക്കുന്നുണ്ട്.
















