മാലെദ്വീപിന്റെ തലസ്ഥാനത്ത് തീപിടുത്തത്തെത്തുടര്‍ന്ന് ജലശുദ്ധീകരണ പ്ലാന്റിന് സംഭവിച്ച തകരാറുമൂലം കുടിവെള്ളദൗര്‍ലഭ്യം അനുഭവപ്പെട്ടത് ലക്ഷക്കണക്കിനാളുകള്‍ക്കാണ്. മാലെദ്വീപ് സര്‍ക്കാര്‍ നടത്തിയ അഭ്യര്‍ത്ഥനയെ മാനിച്ച് ഭാരതസര്‍ക്കാര്‍ 22 ടണ്‍ വെള്ളംനിറച്ച പെട്ടികളുമായി ഐഎല്‍-76 എന്ന വ്യോമസേനയുടെ വിമാനം തിരുവനന്തപുരത്തുനിന്നും മാെലയിലേക്ക് അയച്ചു.
ഡിസംബര്‍ 4 ന് വ്യാഴാഴ്ചയാണ് ജലശുദ്ധീകരണ പ്ലാന്റിന് തീപിടിച്ചത്. ഒരു ലക്ഷത്തിലധികം വീടുകളുണ്ട് മാെല തലസ്ഥാനത്ത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപില്‍ കടലില്‍നിന്നും ജലമെടുത്ത് ശുദ്ധിചെയ്താണ് മാലെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നത്. ഈ പ്ലാന്റുകളിലൊന്നിലാണ് തീപിടുത്തുണ്ടായത്. അയല്‍രാജ്യങ്ങളായ ഭാരതം, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങള്‍ കൂടാതെ മാലെ അമേരിക്കയോടും ശുദ്ധജലം അഭ്യര്‍ത്ഥിച്ചു.
കടല്‍ജലം ഉപ്പുരഹിതമാക്കുന്ന പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമായതോടെ മാലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് വഴുതിവീഴുകയായിരുന്നു. ഭാരതത്തില്‍നിന്നും അഞ്ച് വിമാനങ്ങളിലായി 100 ടണ്‍ പെട്ടികളില്‍ കുപ്പിവെള്ളം മാലെ ദ്വീപിലെത്തിക്കുവാന് വെള്ളിയാഴ്ച ഭാരതസര്‍ക്കാരിന് കഴിഞ്ഞു.
വ്യാഴാഴ്ച മാലെദ്വീപ് വാട്ടര്‍ ആന്റ് ബിവറേജ് കമ്പനിയുടെ (എംഡബ്ല്യുഎസ്സി) ജലശുദ്ധീകരണ പ്ലാന്റിലെ കേബളിനാണ് തീപിടിച്ചത്. ഈ സാഹചര്യത്തില്‍ കടല്‍വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ പ്രാപ്തിയുള്ള ഭാരതത്തിന്റെ ഐഎന്‍എസ് സുകന്യ എന്ന കപ്പലും ഭാരതം മാലെയിലേക്ക് അയച്ചുകഴിഞ്ഞു.
കാലാവസ്ഥാ വ്യതിയാനംമൂലം സമുദ്രനിരപ്പില്‍ വ്യതിയാനം വന്നാല്‍ മുങ്ങിപ്പോയേക്കാവുന്ന ദ്വീപാണ് മാലെദ്വീപ്. ഇതിനോടകം മിക്കവാറും ശുദ്ധജലസ്രോതസ്സുകളെല്ലാം ദ്വീപില്‍ ഉപ്പുമയമായതിന്റെ പശ്ചാത്തലത്തിലാണ് കടല്‍ജലത്തില്‍നിന്നും ഉപ്പ് മാറ്റി ശുദ്ധജലം ഉണ്ടാക്കുവാന്‍ മാലെ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ശുദ്ധീകരണപ്ലാന്റിലെ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടവും കണക്കിലെടുക്കുമ്പോള്‍ ഈ ദ്വീപിലെ ജനവാസം ദുഷ്കരമാകുന്ന അവസ്ഥിയിലേക്കാണ് നീങ്ങുന്നത്.
അരുവിക്കരയില്‍നിന്നും ശുദ്ധജലം കൊണ്ടുവരുന്ന പൈപ്പുകള്‍ പൊട്ടിയാല്‍ തിരുവനന്തപുരം സ്തംഭിക്കുന്നതും ആലുവയില്‍നിന്നും പമ്പുചെയ്യുന്ന മോട്ടോറുകള്‍ക്ക് കേടുസംഭവിച്ചാലും പെരിയാറില്‍ ഉപ്പുവെള്ളം കയറിയാലും കൊച്ചിനഗരം സ്തംഭിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.
പ്രാദേശിക ജലലഭ്യത വേനലിന് മുമ്പുതന്നെ ദുഷ്ക്കരമായിരിക്കുന്നു സംസ്ഥാനത്ത്. കുളങ്ങളും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും കോള്‍നിലങ്ങളും ചതുപ്പുകളും നികത്തി അംബരചുംബികളായ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുമ്പോള്‍ ജനങ്ങളും സര്‍ക്കാരും ചിന്തിക്കാതെേപായ രൂക്ഷമായ കുടിവെള്ളക്ഷാമം കേരളം നേരിടുവാന്‍ പോകുന്നു. എന്നും പൈപ്പ് തുറന്നാല്‍ വെള്ളം ലഭിക്കുമെന്ന മിഥ്യാധാരണയിലാണ് സംസ്ഥാനത്തെ ജനങ്ങള്‍. പ്രത്യേകിച്ചും നഗരവാസികള്‍.
കേരളത്തിലെ നഗരങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലെത്തുന്ന കാഴ്ചയാണിനി കാണുക. നഗരവല്‍ക്കരണത്തിനായി ഗ്രാമങ്ങളില്‍ ഏല്‍പ്പിച്ച വലിയ പ്രകൃതിനാശം ഗ്രാമങ്ങളിലെ കുടിവെള്ള ലഭ്യതയെയും തകര്‍ത്തുകളഞ്ഞു. ജലകുടങ്ങളായ കുന്നുകളും മലകളും അപ്രത്യക്ഷമാകുകയും മണ്ണെടുപ്പും മണലെടുപ്പും മൂലം പാടശേഖരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. രൂക്ഷമായ പുഴമണല്‍ ഖനനം ഭൂഗര്ഭജലസംഭരണികള്ക്ക് വരുത്തിത്തീര്‍ത്ത നാശം ചില്ലറയല്ല. അമിതമായ ജലചൂഷണം കേരളത്തിന്റെ ഭൂഗര്ഭജലസമ്പത്തിന് വന്‍ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
മഴക്കാലത്ത് ഭൂഗര്‍ഭജല റീചാര്‍ജിംഗ് നടത്തുന്ന പ്രകൃതിദത്തമായ സംവിധാനങ്ങളായ കാടുകളും കാവുകളും ചതുപ്പുകളും പുഴകളും അരുവികളും മനുഷ്യന്റെ തലതിരിഞ്ഞ വികസനനയം മൂലം എന്നന്നേക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞു. ഇത് ജലക്ഷാമമെന്ന ദുരന്തത്തിലാണ് മലയാൡയെ കൊണ്ടുചെന്നെത്തിക്കുന്നത്. എന്നും അധികജലത്തിന്റെ കണക്കുപറയുന്ന മലയാളിക്ക് ജലമലിനീകരണവും ഉപ്പുവെള്ളകയറ്റവും മൂലം ശുദ്ധജലലഭ്യതക്കായി കേഴേണ്ട അവസ്ഥ വരുന്നതിന്റെ സൂചനകള്‍ കണ്ടുകഴിഞ്ഞു. ജലജന്യരോഗങ്ങള്‍ അമിതമായി പടര്‍ന്നുപിടിക്കുന്നതും പുഴകളില്‍ വേലിയേറ്റസമയത്ത് കൂടുതല്‍ അകത്തോട്ട് കടലില്‍നിന്നും കായലില്‍നിന്നും ഉപ്പുവെള്ളം കയറുന്നതും ഇതുമൂലം ശുദ്ധജല പമ്പിംഗ് നിര്‍ത്തിവെക്കുന്നതും ഇതിന്റെ സൂചനകളാണ്.
ശുദ്ധജലലഭ്യതയുടെ കാര്യത്തില്‍ കേരളത്തിന്റെ അടുത്തൊന്നും എത്താത്ത ദല്‍ഹി കുടിവെള്ളവിതരണക്കാരുടെ പിടിയിലായെന്നു പറഞ്ഞാല്‍ വലിയ അതിശയമൊന്നുമില്ല. എന്നാല്‍ കേരളത്തിലെ നഗരങ്ങള്‍ ഇത്തരത്തില്‍ ടാങ്കര്‍ലോറി മാഫിയയുടെ പിടിയിലാണെന്ന് കേള്‍ക്കുമ്പോള്‍ നാമൊന്നു ഞെട്ടണം.
ദല്‍ഹിയില്‍ 200 അനധികൃത ടാങ്കര്‍ലോറി ജലവിതരണക്കാര്‍ ഉണ്ടെന്ന് പറയുമ്പോള്‍ കൊച്ചിയില്‍ ഇതിന്റെ എത്രയോ ഇരട്ടി ടാങ്കര്‍ലോറികള്‍ ജലവിതരണം നടത്തുന്നുണ്ടെന്ന് നാം മനസിലാക്കണം. കുടിവെള്ളമായി കൊച്ചിയില്‍ വിതരണംചെയ്യുന്നത് മിക്കവാറും മലിനജലമാണ്.
രാത്രികാലങ്ങളില്‍ കളമശ്ശേരി അപ്പോളോ ടയേഴ്സിന് സമീപമുള്ള മാലിന്യം തള്ളുന്ന യാര്‍ഡില്‍നിന്നും ഒലിച്ചിറങ്ങുന്ന രോഗാണുബാധയുള്ള ജലം എസ്സിഎംഎസ് സ്ഥാപനത്തിന്റെ അടുത്തുള്ള പെരിയാറിന്റെ കൈവഴിയിലാണെത്തുന്നത്.
പെരിയാറിന്റെ ഈ ശാഖ കളമശ്ശേരി കണ്ടെയ്നര്‍ റോഡ് ക്രോസ് ചെയ്താണ് ഏലൂരിലേക്ക് ഒഴുകുന്നത്. കണ്ടെയ്നര്‍ റോഡിലെ ഈ പാലത്തില്‍ ലോറി പാര്‍ക്ക് ചെയ്ത് ടാങ്കര്‍ ലോറിയിലേക്ക് പമ്പുചെയ്യുന്നത് മലിനജലമാണ്. യാതൊരു ശുദ്ധീകരണവുമില്ലാതെ രാത്രിമുഴുവന്‍ കൊച്ചിപട്ടണത്തിലെ ഫഌറ്റുകളിലേക്കും വീടുകളിലേക്കും ലോറിയില്‍ വെള്ളമെത്തിക്കുന്ന വന്‍ മാഫിയയാണിവിടെ പ്രവര്‍ത്തിക്കുന്നത്.
അധികാരികള്‍ ഉറക്കംനടിക്കുന്നതിനാല്‍ വെള്ളമാഫിയ നഗരത്തില്‍ അഴിഞ്ഞാടുകയാണ്. മെട്രോ റെയില്‍ നിര്‍മാണത്തില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ച് ദുരിതം വിതയ്ക്കുന്നതില്‍ ടാങ്കര്‍ കുടിവെള്ള മാഫിയക്ക് വന്പങ്കാണുള്ളത്. ലോറികളില്‍ ശുദ്ധജലം വിതരണംചെയ്യാത്തതിനാല് ജനങ്ങള്‍ക്ക് രോഗങ്ങള്‍ നല്‍കുന്നത് ഇതിന് പുറമെയാണ്.
കൊച്ചിസര്വ്വകലാശാലയുടെ എറണാകുളത്തെ മറൈന്‍ സയന്‍സ് കാമ്പസിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഡങ്കിപനിമൂലം അടച്ചിട്ടിരിക്കുകയാണെന്ന് എറണാകുളത്ത് അധികമാരും അറിഞ്ഞുകാണില്ല.
10 ലധികം ആണ്‍കുട്ടികള്‍ക്ക് ഡങ്കിപ്പനി ബാധിച്ചതിന്റെ പേരിലാണ് ഹോസ്റ്റല്‍ അടച്ചുപൂട്ടിയത്. സുരക്ഷിതമല്ലാത്ത ജലംമൂലം ഉണ്ടാകുന്ന ജലജന്യരോഗങ്ങള്‍ക്ക് പുറമെയാണിത്. ഹൈദരാബാദിലെ 90 ലക്ഷം ആളുകള്‍ക്ക് ശുദ്ധജല വിതരണം നടത്തുന്ന അക്കാപ്പള്ളി, സിങ്കൂര്‍, മഞ്ചിര, ഓസ്മാന്സാഗര്, ഹിമയത്ത് സാഗര്‍ തുടങ്ങിയ അണക്കെട്ടുകളില്നിന്നാണ്. ഇതില്‍ നല്ലൊരുപങ്ക് തെലുങ്കാനയിലേക്കും കൊടുക്കണം.
ഹൈദരാബാദ് നഗരത്തില്‍ 55000 കുഴല്‍ക്കിണറുകള്‍ ഉണ്ടത്രെ. കൊച്ചി നഗരത്തില്‍ എത്ര കുഴല്‍ക്കിണറുകള്‍ ഉണ്ടെന്ന കണക്കുപോലും നമുക്കില്ല. അണക്കെട്ടുകളും കുഴല്‍ക്കിണറുകളും ഉണ്ടായിട്ടുപോലും ഹൈദരാബാദ് സെക്കദ്രാബാദ് പട്ടണങ്ങളുടെ കുടിവെള്ള ആവശ്യം നേരിടാനാകുന്നല്ലെത്രെ.
ഭാരതത്തിലെ 32 നഗരങ്ങളില്‍ 22 നഗരങ്ങളിലും കടുത്ത ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെത്രെ. ഏറ്റവും കൂടുതല്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന നഗരം ജംഷ്ഡ്പൂരാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. കാണ്‍പൂര്‍, അസന്‍സോള്‍, മീററ്റ്, ഫരീദാബാദ്, വിശാഖപട്ടണം, മധുര, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ആവശ്യത്തിന്റെ 30 ശതമാനംപോലും നല്‍കാനാകുന്നില്ല. ഭാരതത്തിലെ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ഡിമാന്റ് വിശാലമുബൈയിലും, ദല്‍ഹിയിലുമാണ്. എന്നാല്‍ ദല്‍ഹിയില്‍ ആവശ്യത്തിന്റെ 76 ശതമാനവും മുബൈയില്‍ 83 ശതമാനവും ജലം വിതരണംചെയ്യാനാകുന്നുണ്ട്.
എന്നാല്‍ ഈ നഗരങ്ങളിലെ ജലവിതരണം ഇനിയും വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ നഗരവാസികള്‍ കുടിവെള്ളത്തിനായി വലയുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജംഷഡ്പൂരിലും ധന്‍ബാദിലും കാണ്‍പൂരിലും നഗരങ്ങള്‍ക്ക് താങ്ങാവുന്നതിലേറെ ജനസാന്ദ്രത വര്‍ദ്ധിച്ചതാണ് കുടിവെള്ള ദൗര്‍ലഭ്യത്തിന് പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്.
ഭാരതത്തിലെ 10 നഗരങ്ങളില്‍ ആവശ്യത്തിലധികം ജലമുണ്ടെന്നത് കൗതുകകരമാണ്. നാഗ്പൂരില്‍ ആവശ്യത്തിന്റെ 52 ശതമാനം മിച്ചമുണ്ട്. പഞ്ചാബിലെ വ്യവസായ നഗരമായ ലുധിയാനയില്‍ 26 ശതമാനം ജലം വിതരണത്തിനുശേഷം അധികമായുണ്ട്. ജനസാന്ദ്രതയനുസരിച്ച് കുടിവെള്ള വിതരണം വലിയബുദ്ധിമുട്ടില്ലാതെ നടത്തുന്ന ഭാരതത്തിലെ മറ്റിടങ്ങള്‍ വഡോദര, രാജ്കോട്ട്, കൊല്‍ക്കത്ത, അലഹബാദ്, നാസിക്ക് എന്നിവയാണ്. എന്നാല്‍ ഭാരതത്തിലെ ബഹുഭൂരിപക്ഷം നഗരങ്ങളും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നവയാണ്.
ജലദൗര്‍ലഭ്യംമൂലം വ്യവസായം, ഊര്‍ജ്ജ ഉല്പാദനം, കൃഷി എന്നീമേഖലകളില്‍ കടുത്ത നഷ്ടമാണ് രാജ്യത്തിന് സംഭവിക്കുന്നത്. നഗരങ്ങളിലെ ജലദൗര്‍ലഭ്യത്തെക്കുറിച്ച് പഠിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകും. കൃത്യമായി ജലമാനേജ്മെന്റ് നടത്തുന്ന സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ ജലക്ഷാമമില്ലെന്ന വസ്തുത. 24 മണിക്കൂറും സുരക്ഷിതമായ ശുദ്ധജല വിതരണം നടത്തേണ്ടത് നഗരസഭകളുടെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്.
ശരിയായ മാസ്റ്റര്‍ പ്ലാനോ, ദീര്‍ഘവീക്ഷണമോ ഇല്ലാത്ത കൊച്ചിയെപ്പോലുള്ള നഗരങ്ങളുടെ കുടിവെള്ള ദൗര്‍ലഭ്യത്തിന് പ്രധാനകാരണം നഗരസഭകളുടെ കെടുകാര്യസ്ഥതയും ഭരണപക്ഷത്തിന്റെ പ്രാപ്തിക്കുറവുമാണെന്ന് വളരെ വ്യക്തമാണ്. ഇതുമൂലം ടാങ്കര്‍ലോറി മാഫിയ നടത്തുന്ന ജലവിതരണംവഴി നഷ്ടമാക്കുന്നത് നഗരവാസികളുടെ കോടിക്കണക്കിന് രൂപയാണ്.
പശ്ചിമകൊച്ചിയും നഗരപ്രാന്തങ്ങളും എറണാകുളം പട്ടണവും പൊതുജലവിതരണ സംവിധാനത്തിലൂടെ ജലമെത്തുന്നത് നോക്കിയിരുന്ന് മുഷിയുന്നു. ലഭ്യമാകുന്ന ജലത്തിന്റെ ഗുണമേന്മക്കുറവും ജനങ്ങള്‍ക്ക് ഭീഷണിയാവുകയാണ്.
അശാസ്ത്രീയമായി നഗരം വളര്‍ന്നപ്പോള്‍ നഗരം കോണ്‍ക്രീറ്റ് കാടായിമാറി. മഴവെള്ളം മണ്ണിലിറങ്ങുവാന്‍ സ്ഥലമില്ലാത്തതിനാല്‍ ഭൂഗര്‍ഭജല റീചാര്‍ജിംഗ് ഓര്‍മമാത്രമായി. കൊച്ചിയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നത് നഗരത്തിന്റെ അന്തരീക്ഷത്തിന് മുകളില്‍ ഹീറ്റ് ഐലന്റ് എന്ന പ്രതിഭാസം രൂപംകൊള്ളുന്നു എന്നാണ്.
നഗരത്തില്‍ അംബരചുംബികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നതിനാലും (ഏറ്റവും കൂടുതല്‍ കാക്കനാട്- തൃക്കാക്കര മേഖലയില്‍) വികസനത്തിന്റെപേരില്‍ മരങ്ങള്‍ മുറിച്ചുകളഞ്ഞതിനാലും നഗരതാപം ഇനിയും വര്‍ദ്ധിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇത് ശേഷിക്കുന്ന ശുദ്ധജല സ്രോതസ്സുകള്‍കൂടി വറ്റിവരളുന്നതിന് ഇടവരുത്തുമെന്നും പഠനം സൂചിപ്പിക്കുന്നു.
വേനല്‍ക്കാലത്ത് രാത്രിയും പകലും ഒരേപോലെ താപതരംഗത്തിന് നഗരം അടിമപ്പെടുമത്രെ. ഇതിനിടയിലാണ് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത്. നഗരത്തിലെ അവശേഷിക്കുന്ന കുളങ്ങളും കിണറുകളും സംരക്ഷിച്ച് പ്രാദേശിക കുടിവെള്ള വിതരണം ഊര്‍ജ്ജിതമാക്കാതെ കൊച്ചി നഗരത്തിലെ ജല ദൗര്‍ലഭ്യത്തിന് പരിഹാരമാകില്ല.
ആലുവ പമ്പിംഗ് സ്റ്റേഷനില്‍നിന്നും പമ്പുചെയ്യുന്ന ശുദ്ധീകരിച്ച ജലം ഫഌഷ്ചെയ്യാതെപോലും നഗരത്തില്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ശുദ്ധീകരിക്കാത്ത ജലത്തിന്റെ ഒരു സമാന്തര വിതരണസംവിധാനത്തിന്റെ സാധ്യത വാട്ടര്‍ അതോറിറ്റി ആരായേണ്ടതായിട്ടുണ്ട്.
നഗരത്തില്‍ ലഭിക്കുന്ന മഴവെള്ളം ശരിയായി വിനിയോഗിച്ചാല്‍ പരിഹരിക്കാവുന്നതാണ് കൊച്ചിനഗരത്തിലെ ജലക്ഷാമം. പ്രായോഗികവും ശാസ്ത്രീയവുമായ രീതിയില്‍ ജലലഭ്യത ഉറപ്പാക്കാതെ നഗരസഭയും ജലഅതോറിറ്റിയും ജലവിതരണ കാര്യത്തില്‍ പരസ്പരം പഴിചാരി പ്രശ്നം പരിഹരിക്കാതിരിക്കുന്നത് ജനദ്രോഹപരമാണ്. മാലെദ്വീപിലെ ജലക്ഷാമം ഭരണക്കാരുടെ കണ്ണുതുറപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: