വസിഷ്ഠന്‍ തുടര്‍ന്നു: ഒരുവന്‍ എന്താണ് സ്ഥിരമായി ചിന്തിക്കുന്നത്, അവന്റെ മനസ്സ് എന്തിലാണ് വ്യാപൃതമായിരിക്കുന്നത്, ഏതിലാണവന്റെ ജീവിതമുഴിഞ്ഞു വച്ചിട്ടുള്ളത് അതവനെ സംബന്ധിച്ചിടത്തോളം സത്യവും സ്പഷ്ടവുമാണ്. മനസ്സ് ബ്രഹ്മബോധത്തില്‍ ആമഗ്‌നമായിരിക്കുമ്പോള്‍ അത് ബ്രഹ്മം തന്നെയാകുന്നു.
മനസ്സ് എന്തിലാണോ പൂര്‍ണ്ണമായി അഭിരമിക്കുന്നത്, അതായിത്തീരുകയാണ്.ഒരുവന്റെ മനസ്സ് പരം പൊരുളില്‍ അല്ലെങ്കില്‍ അനന്തബോധത്തില്‍ വിശ്രാന്തിയടയുമ്പോള്‍ അയാള്‍ ധാര്‍മ്മികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അതില്‍ പ്രത്യേകമായ താല്‍പര്യമുണ്ടായിട്ടോ അതില്‍ നിന്നും എന്തെങ്കിലും നേടാനോ അല്ല.
വസ്തുപ്രപഞ്ചം ഇല്ലാ എന്നിരിക്കെ, അല്ലെങ്കില്‍ അതിന്റെ അസ്തിത്വത്തെപ്പറ്റി സുദൃഢമായി ഉണ്ടെന്നോ ഇല്ലെന്നോ പറയാനോ ആവാത്തതുകൊണ്ട് കാര്യങ്ങള്‍ ചെയ്യുന്നത് ആരാണെന്നോ അതിന്റെ അനുഭവങ്ങളുടെ ഭോക്താവ് ആരാണെന്നോ നിര്‍ണ്ണയിക്കുക അസാദ്ധ്യം. നാം ബുദ്ധിയെന്നും, പ്രബുദ്ധതയുടെ ഉണര്‍വ്വെന്നും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവെന്നും മറ്റും പറയുന്നത് ശുദ്ധവും അനന്തവുമായ ബോധത്തെത്തന്നെയാണ്.
ആകാശത്തിലെ വിശ്രാന്തി ശുദ്ധശൂന്യതതന്നെയാണ്. ഇതിലെല്ലാം കാണപ്പെടുന്ന ദ്വന്ദത വെറും മിഥ്യയാണ്. അതൊരിക്കലും ഉള്ളതല്ല. വൈവിദ്ധ്യത എന്നത് അര്‍ത്ഥമില്ലാത്ത ധാരണാസങ്കല്‍പ്പം മാത്രമാണ്.
ഒരുവന്‍ ദീര്‍ഘസുഷുപ്തിതലത്തില്‍ നിന്നും സ്വപ്‌നലോകത്തേയ്‌ക്ക് പോകുന്നതുപോലെ അനന്തബോധം പൂര്‍ണ്ണപ്രശാന്തമായ അവസ്ഥയില്‍ നിന്നും സൃഷ്ടിയുടെ ചടുലമായ അവസ്ഥയിലേയ്‌ക്ക് കടക്കുന്നു എന്ന് പറയാം.
ഏകതയോ അനേകതയോ ഒന്നും ഉള്ളതല്ല. ബോധത്തിനുള്ളില്‍ത്തന്നെ അനന്തബോധം സൃഷ്ടിയെ ദര്‍ശിക്കുന്നു. സ്വപ്‌നത്തില്‍ ക്രമീകമായ സംഭവവികാസങ്ങളോ കാര്യകാരണബന്ധങ്ങളോ ഇല്ലാത്തതുപോലെ ഈ ലോകമെന്ന കാഴ്ചയ്‌ക്കും നിയതമായ കാര്യകാരണബന്ധങ്ങള്‍ ഇല്ല.
വിഭജനാത്മകതയും കാര്യകാരണങ്ങളും ഉള്ളതുപോലെ തോന്നിയാലും സത്യത്തില്‍ അവയൊന്നും ഇല്ല. സ്വപ്‌നത്തിലും വിഷയവസ്തു അവബോധ അവസ്ഥയിലും ഇതുപോലെയാണ് കാര്യങ്ങള്‍.
ബ്രഹ്മം എന്ന അനന്തബോധമാണ് നിന്റെ മുന്നില്‍ ലോകമായി, സൃഷ്ടിജാലങ്ങളായി വിക്ഷേപിക്കപ്പെട്ടു കാണപ്പെടുന്നത്.
സ്വപ്‌നവസ്തുക്കളെ സ്വപ്‌നത്തില്‍വെച്ച് നാം തിരിച്ചറിയുന്നില്ല. മാത്രമല്ല അവ ഒരുവന്റെ സംസ്‌കാരത്തെ – മാനസീക വാസനകളെ ഉണ്ടാക്കുന്നുമില്ല. ‘ഞാനിത് മുന്‍പ് കണ്ടിട്ടുണ്ടല്ലോ’ എന്നിത്യാദി ചിന്തകള്‍ സ്വപ്‌നത്തില്‍ ഉണ്ടാകുന്നില്ല. സ്വപ്‌നത്തില്‍ സ്മൃതിയും ഇല്ല.
തിരിച്ചറിവ്, സംസ്‌കാരം, സ്മൃതി എന്നീ മൂന്നു കാര്യങ്ങള്‍ മാറ്റിയാല്‍ ജാഗ്രദ് അവസ്ഥയില്‍ ഉള്ളത് അനന്തമായ ബോധം മാത്രം. അജ്ഞാനിയതിനെ സ്മൃതിയായി തെറ്റിദ്ധരിക്കുന്നു.
പ്രമാണീകരണവും അതിന്റെ നിരാസവും, യമനിയമാദികള്‍, തുടങ്ങിയവ പരമ പുരുഷനില്‍ നാം ആരോപിക്കാറുണ്ട്. എന്നാല്‍ അത് ശരിയല്ല. ഒരുവന് തലചുറ്റുമ്പോള്‍ ലോകം മുഴുവനും ചുറ്റുന്നതായാണ് അനുഭവം. എന്നാല്‍ ചുറ്റല്‍ ഉള്ളത് അവനിലാണ്. വിഷയപ്രപഞ്ചം മിഥ്യയാണെന്ന അറിവുണ്ടെങ്കിലും കാണപ്പെടുന്നതെല്ലാം വിഭ്രമാത്മക ദൃശ്യങ്ങള്‍ മാത്രമാണെങ്കിലും നിസ്തന്ദ്രമായ അഭ്യാസം കൊണ്ട് മാത്രമേ ഈയറിവ് ഉണര്‍വ്വായി നിറയുകയുള്ളു.
ഈയൊരു ഗ്രന്ഥത്തിന്റെ പാരായണം മാത്രമേ ഭ്രമചിന്തകളെ ഇല്ലാതാക്കാന്‍ ഉതകുകയുള്ളു. മനസ്സ്, പ്രപഞ്ചവിഷയങ്ങള്‍, ദേഹം എന്നീ മൂന്നു കാര്യങ്ങളെ വിശ്രാന്തിയിലാക്കാന്‍ ആത്മജ്ഞാനം അല്ലെങ്കില്‍ പ്രബുദ്ധതയ്‌ക്ക് മാത്രമേ കഴിയുകയുള്ളൂ. ഈ മൂന്നുമുണ്ടാവുന്നത് അജ്ഞാനത്തില്‍ നിന്നുമാണല്ലോ.
ഈ ശാസ്ത്രപഠനംകൊണ്ട് മാത്രം അജ്ഞാന ദൂരീകരണം സാദ്ധ്യമാണ്. സാധകനെ ഹതാശനാക്കി പാതിവഴിയില്‍ ഉപേക്ഷിക്കുന്ന ഒരു ശാസ്ത്രമല്ലിത്. ആദ്യതവണ മനസ്സിലായില്ലെങ്കില്‍ വീണ്ടും പഠിച്ചാല്‍ ഇതിലെ സന്ദേശം സാധകനു മനസ്സിലാവുകതന്നെ ചെയ്യും. ഈ ശാസ്ത്രഗ്രന്ഥം എല്ലാ ഭ്രമചിന്തകളെയും അകറ്റി സാധാരണ ജീവിതം പരമമായ അവസ്ഥ തന്നെയാണെന്ന് നമുക്കുറപ്പു തരുന്നു. അതിനാല്‍ ഈ ഗ്രന്ഥത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും സാധകന്‍ ദിവസവും പഠിക്കണം.
“എങ്കിലും ഈ ഗ്രന്ഥം മനുഷ്യവിരചിതമാണെന്നുള്ളതുകൊണ്ട് വേണ്ടത്ര ആധികാരികത ഇതിനില്ല എന്ന് തോന്നുന്ന പക്ഷം ആത്മജ്ഞാനദായിയായും, മുക്തിപ്രദായകവുമായ മറ്റേതെങ്കിലും ഗ്രന്ഥത്തെ സാധകന് ആശ്രയിക്കാവുന്നതാണ്. അങ്ങിനെയെങ്കിലും ആത്മജ്ഞാനസാധന യില്ലാതെ ഒരുവന്റെ ജീവിതം വെറുതേ പാഴാക്കരുത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: