ന്യൂദല്‍ഹി: ശീതകാലസമ്മേളനം ആരംഭിച്ചതുമുതല്‍ അനാവശ്യ വിവാദങ്ങളുയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയെങ്കിലും ഇതിനകം പാസായത് സുപ്രധാന ബില്ലുകള്‍. ലോക്സഭയില്‍ ഒന്‍പതും രാജ്യസഭയില്‍ ആറ് ബില്ലുകളും കേന്ദ്രസര്‍ക്കാര്‍ പാസാക്കി.
ശീതകാലസമ്മേളനത്തിന്റെ മൂന്നാംവാരം നാളെ തുടങ്ങാനിരിക്കെ കല്‍ക്കരിഖനി-ടെക്സ്റ്റൈല്‍സ് ഓര്‍ഡിനന്‍സ് ബില്‍, ആന്റി ഹൈജാക്കിംഗ് ബില്‍ എന്നിവയുള്‍പ്പെടെ നിരവധി ബില്ലുകള്‍ അവതരണത്തിന് തയ്യാറെടുത്തിരിക്കുകയാണ്. സഭാ നടപടികളുമായി യോജിച്ചുപോകാന്‍ പ്രതിപക്ഷം തയ്യാറാവാത്ത സാഹചര്യത്തില്‍ ബില്ലുകളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാരും തീരുമാനിച്ചു. പണം അടയ്ക്കല്‍-ഒത്തുതീര്‍പ്പ് സംവിധാന ഭേദഗതിബില്‍, കൈവശപ്പെടത്തല് നിയമം റദ്ദാക്കല്ബില് എന്നിവയും ഈയാഴ്ച സഭയില്‍ അവതരിപ്പിക്കും.
ലോക്സഭ പാസാക്കിയ കേന്ദ്രസര്‍വ്വകലാശാല ബില്‍, പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ബില്‍ എന്നിവ രാജ്യസഭയില്‍ അവതരിപ്പിക്കുന്നുണ്ട്. തൊഴില്‍ നിയമഭേദഗതി, ദല്‍ഹിപോലീസ് നിയമഭേദഗതി, അപ്രന്റീസ് നിയമഭേദഗതി, ഐ.ടി ബില്‍, കപ്പല്വ്യാപാരഭേദഗതി ബില്‍ എന്നിവയാണ് ഇരുസഭകളിലും പാസായത്. കേന്ദ്രസര്‍വ്വകലാശാല ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കേന്ദ്രമാനവ വിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനി എല്ലാ രാഷ്ട്രീയ പാര്ട്ടികളോടേയും പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ബില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിനു മുന്നിലുള്ള ഏക കടമ്പ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: