കൊട്ടിഘോഷിച്ച് കാസര്‍ഗോഡുനിന്നാരംഭിച്ച സൂധീരയാത്ര തിരുവനന്തപുരത്തെത്തുമ്പോഴേക്കും ആര്‍ക്കും വേണ്ടാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. മദ്യനയത്തിന്റെപേരില്‍ വിവാദങ്ങളുണ്ടാക്കി കൈയ്യടി വാങ്ങി എല്ലാം കൈപ്പിടിയിലൊതുക്കാമെന്ന കെപിസിസി പ്രസിഡന്റിന്റെ വ്യാമോഹങ്ങള്‍ ഒട്ടൊക്കെ തകര്‍ന്നിരിക്കുന്നു. മദ്യനയത്തില്‍ സര്‍ക്കാരിന് പ്രായോഗിക നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി സുധീരനെ ഓര്മ്മപ്പെടുത്തിയിരിക്കയാണ്.
മുഖ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നായിരുന്നു വി.എം.സുധീരന്റെ പ്രതികരണം. സുധീരന് സ്വീകരിച്ചിട്ടുള്ള നയവൈകല്യങ്ങള്‍ തിരുത്താന്‍ തിരുവനന്തപുരത്തെത്തുന്ന എഐസിസി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാണാന്‍ ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കന്മാര് തീരുമാനിച്ചിരിക്കുകയുമാണ്. നാടുനന്നാക്കാന്‍ ജനപക്ഷയാത്രയുമായി ഇറങ്ങിപ്പുറപ്പെട്ട കെപിസിസി പ്രസിഡന്റ് സ്വയംരക്ഷയ്ക്കായി പ്രതിരോധനിര സൃഷ്ടിക്കാന്‍ കൈയ്യുംകാലുമിട്ടടിക്കുന്ന ദയനീയ സ്ഥിതിയോളം കാര്യങ്ങളെത്തിക്കഴിഞ്ഞിരിക്കുന്നു.
നാഥനില്ലാത്ത കെപിസിസി ആസ്ഥാനത്ത് വാളെടുത്തവരെയൊക്കെ വെളിച്ചപ്പാടാകുന്ന ദുസ്ഥിതിയാണുള്ളത്. മദ്യവിരുദ്ധത ഭരണഘടനാധിഷ്ഠിത പ്രതിബദ്ധതയായി രാജ്യം അംഗീകരിച്ചിട്ടുള്ളതാണ്. ഇതിനനുസരണമായി മദ്യനയം രൂപീകരിക്കാന്‍ ഭരണകൂടങ്ങള്‍ ബാദ്ധ്യസ്ഥരുമാണ്. എന്നാല്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള മദ്യത്തോടുള്ള സമീപനത്തിന്റെ എതിര്‍ദിശയിലാണ് കേരളമെക്കാലവും നിലയുറപ്പിച്ചിട്ടുള്ളത്.
മാറിമാറി കേരളം ഭരിച്ചവര്‍ക്ക് മദ്യമേഖല എപ്പോഴും കറവപ്പശുവാണ്. എന്തുകൊണ്ട് മദ്യത്തിന്റെ ഉപഭോഗത്തില്‍ കേരളം ഭാരതത്തില്‍ ഒന്നാം സ്ഥാനത്തെത്തി എന്ന ചോദ്യത്തിന് ഉത്തരം നല്കാന് യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ തയ്യാറല്ല. ഇക്കാര്യത്തില്‍ അബദ്ധംതിരുത്താനും ഇരുകൂട്ടരും മുന്നോട്ടുവരുന്നില്ല. സ്വന്തം പേരും പ്രശസ്തിയും ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്ന കെപിസിസി പ്രസിഡന്റിന് ഈ പ്രശ്നത്തില്‍ പൂച്ചെണ്ട് കൊതിപ്പാന് എന്തവകാശമാണുള്ളത്.
എന്തുകൊണ്ട് ജനപക്ഷയാത്ര പാളിപ്പോയി എന്നതിനെകുറിച്ചറിയാന് ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ല. എന്നാല്‍ ഭരണപക്ഷ നേതാക്കന്മാര് അത് സ്വയം വിലയിരുത്തുന്നത് നല്ലതാണ്. ഭാരതം 21-ാം നൂറ്റാണ്ടിലേക്ക് കുതിച്ച് മുന്നേറുമ്പോള്‍ കേരളം ‘റിവേഴ്സ് ഗിയറില്‍’ പിന്നോക്കം പോകുന്ന ദുരവസ്ഥ എന്തുകൊണ്ടെണ് മലയാളികള്‍ ചിന്തിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. മദ്യനയത്തിന്റെപേരില്‍ ജനങ്ങളെ വിഡ്ഡികളാക്കിയവര് എന്തായാലും ഇതിനൊക്കെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും.
അന്യോന്യം പാരവെയ്പും ഗോഗ്വാവിളികളും നടത്തികൊണ്ട് കോണ്‍ഗ്രസ് എന്ന അവസരവാദ പാര്‍ട്ടിക്ക് എത്രകാലം മുന്നോട്ടുപോകാനാകും? ഓരോ നേതാക്കന്മാരും കൂടുതല്‍ കൂടുതല്‍ കേമനാകാന്വേണ്ടി എന്തുമേതും ചെയ്യാമെന്ന അവസ്ഥയില്‍ എത്തിയ ഗതികേടിലാണ് കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോഴുള്ളത്. എഐസിസി നേതൃത്വം ഒരു മുങ്ങുന്ന കപ്പലായ ഇന്നത്തെ സ്ഥിതിയില്‍ കേരളത്തിലെ മുഖ്യമന്ത്രിക്കും കെപിസിസി അദ്ധ്യക്ഷനും യഥേഷ്ടം എന്തുമാകാമെന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഭരണം കൈയ്യാളുന്നവര്ക്കിടയിലെ ചേരിപ്പോരും കെടുകാര്യസ്ഥതയും ഭരണമില്ലായ്മയുംകൊണ്ട് നട്ടംതിരിയുന്ന നാടാണിപ്പോള്‍ കേരളം.
സുധീരന് കാസര്‍ഗോഡുനിന്നും ജനപക്ഷയാത്ര ആരംഭിച്ചപ്പോള്‍ ബാറുകള്‍ക്കെതിരെ തീതുപ്പുന്ന പ്രസ്താവനകളാണ് അദ്ദേഹം നടത്തിയത്. ബാറുകള്‍ അടപ്പിച്ച് ഘട്ടംഘട്ടമായി മദ്യത്തിന്റെ പിടിയില്‍നിന്നും കേരളത്തെ മോചിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബാറുടമകളില്‍നിന്നും പണംപിരിച്ച് യാത്ര കൊഴുപ്പിച്ചവര്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ മുതല്‍ കെപിസിസി ഭാരവാഹികള്വരെയാണ്. ഇക്കാര്യത്തില്‍ മേനിനടിക്കാനായി ഒരു കെപിസിസി ഭാരവാഹിക്കെതിരെ നടപടിയെടുത്ത് അയാളെ ബലിയാടാക്കിയെങ്കിലും ഇത്തരം പിരിവുകള്‍ ഇപ്പോഴും അഭംഗുരം നടക്കുകയാണ്.
ഫഌക്സ് ബോര്‍ഡുകള്‍ നിരോധിക്കുമെന്ന് വീമ്പിളക്കിയവര്തന്നെയാണ് യാത്രയിലുടനീളം വമ്പന്‍ ഫഌക്സ് ബോര്‍ഡുകള്‍ പലയിടങ്ങളിലും സ്ഥാപിച്ചത്. മദ്യനയ തീരുമാനത്തില്‍ അപ്രായോഗികമായ തീരുമാനങ്ങള്‍ തിരുത്തുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സുധീരന്റെ നെഞ്ചിലെക്ക് തുളച്ചുകയറിയ വെടിയുണ്ടയാണ്. അടച്ചുപൂട്ടേണ്ടിവന്ന ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് ഇപ്പോള്‍ ഉറപ്പായിട്ടുണ്ട്.
മദ്യനിരോധനവും മദ്യവര്‍ജ്ജനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. പരസ്പരവിരുദ്ധമായ ആശയങ്ങളുടെയും ആശയകുഴപ്പങ്ങളുടെയും നടുവില്‍ മദ്യനയം ഉരുകിയൊലിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് വന്‍ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് അതിന്റെ നയത്തിന്റെ ഭാഗമായി തീരുമാനമെടുക്കേണ്ട ഈ വിഷയം മാസങ്ങളോളം കേരളീയരെ വിവാദങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഭീതിയിലും ആശങ്കയിലും ഭരണകൂടം കെട്ടിയിട്ടു. ഇത് അക്ഷന്തവ്യമായ തെറ്റാണ്. ഒരു ജനവിരുദ്ധ ഭരണകൂടത്തിന് മാത്രമേ ഇത്തരത്തില്‍ ജനങ്ങളെ ദ്രോഹിക്കാന്‍ കഴിയുകയുള്ളൂ.
നാലു മാസമായി മദ്യനയം കേരളീയ സമൂഹത്തിന്റെ സൈ്വരംകെടുത്തുകയാണ്. ജീവല്‍ പ്രാധാന്യമുള്ള നിരവധി വിഷയങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ യുഡിഎഫ് ഭരണകൂടം കാട്ടുന്ന നെറികേടുകളില്‍നിന്നും ജനശ്രദ്ധതിരിച്ചുവിടാനുള്ള ഉപായമാണ് മദ്യനയത്തോട് ബന്ധപ്പെട്ട കള്ളക്കളികളും വിവാദങ്ങളുംവഴി അടിച്ചേല്‍പ്പിച്ചിട്ടുള്ളത്. ഞായറാഴ്ചകളിലെ മദ്യനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം തന്നെയാണ് വ്യാഴാഴ്ച നിയമസഭയില്‍ സബ്മിഷന് നടത്തിയത്.
ടൂറിസം മേഖലയ്ക്കുണ്ടാവുന്ന മാന്ദ്യം ചൂണ്ടിക്കാട്ടി അതിന്റെപേരില്‍ മുതലകണ്ണീരൊഴുക്കുന്ന മുഖ്യമന്ത്രിയുടെ കുബുദ്ധി സാമാന്യബുദ്ധിയുള്ള ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാവുന്നതാണ്. ഞായറാഴ്ച മദ്യശാല അടച്ചിടുമ്പോള്‍ ശനിയാഴ്ച 40 ശതമാനം വില്‍പ്പന കൂടുന്ന നാടാണ് കേരളമെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. കെപിസിസി അദ്ധ്യക്ഷനും മുഖ്യമന്ത്രിയും തമ്മില്‍ ചക്കളത്തിപ്പോര് നടത്തി കേരളീയ സമൂഹത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ജനപക്ഷയാത്രയ്ക്ക് ജനങ്ങളില്‍നിന്ന് തണുത്തപ്രതികരണമുണ്ടായതും യാത്ര നനഞ്ഞ പടക്കംപോലെ ചീറ്റിപ്പോയതും കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ കള്ളക്കളി കണ്ട് ജനങ്ങള്‍ക്ക് മടുപ്പ് തോന്നിയതുകൊണ്ടാണ്.
കെപിസിസി പ്രസിഡന്റ് ഭാരത ഭരണഘടനയിലും നാട്ടില്‍ നിലവിലുള്ള നിയമവാഴ്ചയിലും അടിയുറച്ച് വിശ്വസിക്കുന്ന ആളാണെന്നാണ് അവകാശപ്പെടാറുള്ളത്. ഭാരത ഭരണഘടന ജനകീയ ഭരണഘടനയല്ല എന്നാരോപിച്ച് ആദ്യവര്‍ഷങ്ങളില്‍ ഭരണഘടനാ ദിനാചരണം ബഹിഷ്കരിച്ച കൂട്ടരാണ് കമ്യൂണിസ്റ്റുകാര്‍.
സോവിയറ്റ് യൂണിയനിലും മറ്റും ന്യായാധിപനായി ഒരാളെ നിയമിക്കപ്പെടണമെങ്കില്‍ അയാള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം നിര്‍ബന്ധമായിരുന്നു. കോടതിവിധികള്‍ പാര്‍ട്ടി നയങ്ങള്ക്കെതിരാകാന് പാടില്ലെന്നതും കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ അടിസ്ഥാന സ്വഭാവവും കടുത്ത പോരായ്മയുമാണ്. ഈ കാഴ്ചപ്പാടിനെ കോണ്‍ഗ്രസ് എക്കാലവും എതിര്‍ത്തിട്ടുമുണ്ട്. സിപിഎം എപ്പോഴും കോടതി വിധികള്‍ ജനകീയ വികാരങ്ങള്‍ക്ക് അനുബന്ധിച്ചായിരിക്കണമെന്ന് ശാഠ്യം പിടിക്കാറുള്ളവരാണ്. ഇത്തരം ദുശ്ശാഠ്യങ്ങളുടെ പേരിലാണ് ഇഎംഎസ് തൊട്ട് കൊടിയേരി ബാലകൃഷ്ണന്‍വരെ കോടതിയലക്ഷ്യകുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ കെപിസിസി പ്രസിഡന്റും ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് സ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അപകടകരമാണ് ഈ പോക്ക്.
കോടതിവിധികള്‍ ജനകീയ വികാരങ്ങള്‍ക്ക് എതിരായികൂടെന്ന് കെപിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി. എകെജി സെന്ററിന്നിന്ന് ഉയരേണ്ട ശബ്ദം കെപിസിസി പ്രസിഡന്റില്നിന്നുമുണ്ടായത് അനുചിതവും ആപത്കരവുമാണ്. സുധീരന്റെ വാക്കുകള്‍ ശരിയാണെന്ന് നിലവിലുള്ള ഒരു കോണ്‍ഗ്രസുകാരനും പറയാനാവില്ല. ജനവികാരത്തിന്റെയും ജനപ്രിയത്തിന്റെയും അളവുകോല്‍ വെച്ച് കോടതിക്ക് വിധിപുറപ്പെടുവിക്കാനാവില്ല.
ഭരണകൂടത്തോട് ബന്ധപ്പെട്ട കമ്മിറ്റഡ് ജുഡീഷ്യറി ഉണ്ടാക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ല. നിയമാധിഷ്ഠിതനീതിയാണ് കോടതിവഴി ഉദ്ഘോഷിക്കപ്പെടേണ്ടത്. മുന്നില്‍വരുന്ന കേസുകളില്‍ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കോടതികള്‍ വിധിപുറപ്പെടുവിക്കുന്നതാണ് നമ്മുടെ നീതി. 1975-77 കാലഘട്ടത്തില്‍ മറിച്ച് പാര്‍ലമെന്റിന്റെ വികാരത്തിനും ഭരണാധിപത്യത്തിനും വിധേയമായി വിധിന്യായങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന അവസ്ഥ അടിച്ചേല്‍പ്പിച്ചതിനെ ചെറുത്തുതോല്‍പ്പിച്ചവരാണ് ഇന്ത്യയിലെ ജനങ്ങള്‍. ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റിമറിക്കാന്‍ പാര്‍ലമെന്റിനുപോലും അവകാശമില്ലെന്നതാണ് ഇപ്പോള്‍ ബാധകമായിട്ടുള്ള നിയമക്രമം.
ജനകീയ വികാരങ്ങള്‍ ഉള്‍ക്കൊണ്ടുവേണം വിധിപുറപ്പെടുവിക്കേണ്ടതെന്നുള്ള കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന അബദ്ധജഡിലവും അതിരുവിട്ടതുമാണ്. മദ്യനയത്തിലുള്പ്പെട്ട് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ കോടതിമുറികളില്‍ ഫലപ്രദമാകാതെ പോകുന്നത് എന്തുകൊണ്ടെന്ന് ഭരണനേതാക്കന്മാര് ആത്മപരിശോധന നടത്തുകയാണുവേണ്ടത്. തോല്ക്കാന്വേണ്ടി ഓരോ കേസും വാദിക്കുന്ന നാണക്കേടിന്റെ പര്യായമാണ് കേരളത്തിലെ യുഡിഎഫ് ഭരണകൂടം. മുല്ലപ്പെരിയാര്‍ തൊട്ട് മദ്യനയംവരെ ദുര്‍ബലമായ വാദമുഖങ്ങള്‍ നിരത്തി കേസുകളെ തോല്‍പ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ജനപക്ഷയാത്രയുടെ പരാജയത്തില്‍നിന്നും സുധീരന് പാഠം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്നാശിക്കുന്നു. പക്ഷേ അത് പ്രതീക്ഷിക്കാനാവില്ലല്ലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: