പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍ മലയോരമേഖലയായ പുന്നല കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പ് പരിഹാരം കാണാന്‍ അധികൃതര്‍ ഇനിയും ശ്രമിച്ചിട്ടില്ല. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ചെമ്പനരുവി, മഹാദേവര്‍മണ്‍, പൊരുന്തോയില്, ചാച്ചിപ്പുന്ന, കരിമ്പാലൂര് തുടങ്ങിയ വാര്‍ഡുകളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് രൂപീകരിക്കണമെന്നാണ് ആവശ്യം.
നിലവില്‍ ഒരു പഞ്ചായത്തിന് അടിസ്ഥാനമായ വില്ലേജാഫീസ്, ടെലഫോണ്‍ എക്സ്ചേഞ്ച്, ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, ഹോമിയോ ആശുപത്രി, പോസ്റ്റാഫീസ്, എസ്എഫ്സികെ, ഫോറസ്റ്റ് സ്റ്റേഷന്, എസ്ബിടി, കോപ്പറേറ്റീവ് ബാങ്ക്, വിഇഒ, ഐസിഡിഎസ് ഓഫീസുകള്‍, ക്ഷീരസംഘം, സപ്ലൈകോമാര്ക്കറ്റ്, നന്മസ്റ്റോറുകള്‍, അക്ഷയകേന്ദ്രം തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 30 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ചെമ്പനരുവി കടശേരിയിലെ വെള്ളംതെറ്റി വാര്‍ഡുകളിലെ ജനങ്ങള്‍ ഇപ്പോള്‍ പഞ്ചായത്ത് ഓഫീസുകളില്‍ എത്തുന്നത്. വല്ലപ്പോഴും മാത്രം വരുന്ന കെഎസ്ആര്‍ടിസി ബസ് മാത്രമാണ് ഇവര്‍ക്ക് ഏക ആശ്രയം.
വാഹനസൗകര്യം പരിമിതമായതിനാല്‍ ജനങ്ങള്‍ ഏറെ ദുരിതത്തിലാണ്. 21 വാര്‍ഡുകളുള്ള പിറവന്തൂര്‍ പഞ്ചായത്തിനെ വിഭജിച്ച് പുന്നല കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപീകരിച്ചാല്‍ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകും. ജില്ലയിലെ മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് വിസ്തൃതിയിലും ജനസംഖ്യയിലും ഏറെ മുന്നിലാണ് പിറവന്തൂര്‍ പഞ്ചായത്ത്. 129.87 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും അമ്പതിനായിരത്തിലധികം ജനസംഖ്യയുമാണ് ഇവിടെയുള്ളത്.
മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികളായ സി.അനില്‍കുമാര്‍, റൂബിഗോപാലന്, ഡി.ബൈജു, മാത്യ.പി.ജോര്‍ജ്, റഷിജാമ്മാള്, ഷാജഹാന്, എ.വി.രവീന്ദ്രന് എന്നിവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: