20. ദിവ്യരത്‌നപ്രഭാദീപ്തസൗവര്‍ണ്ണമുകുടാഞ്ചിതാഃ – ദിവ്യ- ദിവ്യമായ, ശ്രേഷ്ഠമായ, സ്വര്‍ഗ്ഗീയമായ, രത്‌ന-രത്‌നങ്ങളുടെ; പ്രഭാ ദീപ്തദ- പ്രകാശംകൊണ്ടു ജ്വലിക്കുന്ന, സൗവര്‍ണ- സ്വര്‍ണം കൊണ്ടുനിര്‍മ്മിച്ച; മുകുട കിരീടംകൊണ്ട്; അഞ്ചിതാ- അലങ്കരിക്കപ്പെട്ടവള്‍.
ദിവ്യങ്ങളായ രത്‌നങ്ങളുടെ പ്രകാശംകൊണ്ടു ജ്വലിക്കുന്ന സ്വര്‍ണകിരീടമണിഞ്ഞവള്‍. ദേവിയുടെ കിരീടം കനകനിര്‍മ്മിതമാണ്. സ്വര്‍ഗ്ഗീയമായ രത്‌നങ്ങള്‍ പതിച്ചതാണ് അത്. 18-ാം നാമത്തില്‍ ദേവി ഹേമസിംഹാസനത്തില്‍ രാജരാജേശ്വരിയായി ഇരിക്കുന്നതായി പറഞ്ഞു. സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിനിയായി അഭിഷിക്തയാകുമ്പോള്‍ ഭുവനേശ്വരിക്ക് സിംഹാസനവും കിരീടവും ആഭരണങ്ങളും വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചതായി പുരാണങ്ങള്‍ പറയുന്നു. കിരീടത്തില്‍ പതിച്ചിരുന്ന രത്‌നങ്ങളുടെ പ്രകാശം ദേവിയുടെ ശരീരത്തിന്റെ അരുണകാന്തിയുടെ സൗന്ദര്യ ശ്രീയെ കൂടുതല്‍ നയനാഭിരാമമാക്കുന്നു.
21. കിരീടമദ്ധ്യ ശൃംഗസ്ഥ ചന്ദ്രേലഖാ വിഭൂഷണഃ – കിരീട- കിരീടത്തിന്റെ; മദ്ധ്യശ്യംഗസ്ഥ-നടുവിലുള്ള ശൃംഗത്തില്‍ സ്ഥിതിചെയ്യുന്ന; ചന്ദ്രലേഖാ- ചന്ദ്രക്കലകൊണ്ട്; വിഭൂഷിതാ- അലങ്കരിക്കപ്പെട്ടവള്‍.
കിരീടത്തിന്റെ മദ്ധ്യശൃംഗത്തിലുള്ള ചന്ദ്രക്കല അലങ്കാരമായവള്‍. ദേവിയുടെ കീരീടത്തിനു മൂന്നു ശിഖരങ്ങളുണ്ട്. നടുവിലുള്ള ശിഖരം ചന്ദ്രക്കലകൊണ്ട് അലങ്കരിച്ചതാണ്. ചന്ദ്രക്കല കാലത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ്. ശ്രീപരമേശ്വരന്‍ തന്റെ ജടാമകുടത്തില്‍ ചന്ദ്രക്കല അണിയുമ്പോള്‍ ശിവാഭിന്നയായ ദേവിയും ചന്ദ്രക്കലാധാരിണിയാകുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: