ചണ്ഡിഗഡ്: പഞ്ചാബില്‍ കഴിഞ്ഞ മാസം ഒരു സന്നദ്ധ സംഘടന നടത്തിയ സൗജന്യ നേത്രപരിശോധനാ ക്യാമ്പില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 15 ല്‍ അധികം പേരുടെ കാഴ്ച നഷ്ടപ്പെട്ടു.
ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഖുമാന്‍ ഗ്രാമത്തില്‍ പത്ത് ദിവസം മുമ്പാണ് ക്യാമ്പ് നടന്നത്.
ക്യാമ്പ് സംഘടിപ്പിച്ച സന്നദ്ധസംഘടനക്കും ക്യാമ്പിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കുമെതിരെ കാഴ്ചശക്തി നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ പരാതി നല്‍കാനെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.15 പേരുടെ കാഴ്ച പൂര്‍ണമായും നഷ്ടമായതായി അമൃതസര്‍ സിവില്‍ സര്ജന് ഡോ. രാജീവ് ഭല്ല സ്ഥിരീകരിച്ചു.
ഗുരു നാനാക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നവംബര്‍ 5 മുതല്‍ 16 വരെ നടന്ന ക്യാമ്പില്‍ 62 പേരാണ് തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായത്.
ഇതില്‍ ഗാജോമഹല് ഗ്രാമവാസികളായ 15 പേരുടെ കാഴ്ചശക്തിയാണ് നഷ്ടമായത്. ബാക്കിയുള്ളവര്‍ ഗുര്‍ദാസ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു. ഇവരുടെ കാഴ്ച നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഗുര്‍ദാസ്പൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അഭിനവ് ട്രീക്ക അറിയിച്ചു.
കാഴ്ചശക്തി നഷ്ടമായവരെല്ലാം 60 വയസിന് മുകളിലുള്ളവരാണ്. ശുചിത്വം പാലിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ക്യാമ്പിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ആരൊക്കെയായിരുന്നു എന്നതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കും ക്യാമ്പ് സംഘടിപ്പിച്ച സന്നദ്ധ സംഘടനയ്ക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: