ന്യൂദല്‍ഹി: കശ്മീര്‍താഴ്വരയിലെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി 8ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ താഴ്വര കനത്ത സുരക്ഷാ വലയത്തില്‍. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ലഷ്കര്‍ ചാവേറുകള്‍ താഴ്വരയിലെത്തിയെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. നാലോ അഞ്ചോ പേരടങ്ങുന്ന ആത്മഹത്യാ സ്ക്വാഡാണ് താഴ്വരയിലുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസും കേന്ദ്ര ഏജന്‍സികളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഡിസംബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കുന്ന ശ്രീനഗര്‍, അനന്ത്നാഗ് ജില്ലകളിലെ പൊതുപരിപാടികള്ക്കായാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്. രണ്ട് റാലികളിലാണ് ഇവിടെ പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. മോദിയുടെ സന്ദര്‍ശന ദിവസം കടകളടച്ച് പ്രതിഷേധിക്കാന്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 8 ലെ രണ്ട് റാലികള്‍ക്ക് പുറമേ മോദി നാല് റാലികളില്‍ കൂടി പങ്കെടുക്കുന്നുണ്ട്. ഡിസംബര്‍ 12ന് രജൗറിയിലും കത്വയിലും നടക്കുന്ന പൊതുപരിപാടികളിലും മോദി പ്രസംഗിക്കും.
ഡിസംബര്‍ 16ന് ജമ്മുവിലെ എംഎ സ്റ്റേഡിയത്തിലും ബില്ലാവര്‍, ബഷോളി മണ്ഡലങ്ങളിലും പ്രധാനമന്ത്രിയുടെ പൊതുപരിപാടികളുണ്ട്. രണ്ടാംഘട്ടത്തിലും 71 ശതമാനം പോളിംഗാണ് ജമ്മുകാശ്മീരില്‍ രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന പ്രചാരണം പോളിംഗ് ശതമാനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. മോദിയുടെ പരിപാടികളിലെ വമ്പിച്ച ജനക്കൂട്ടം എസ്പിജി-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.
അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ശക്തമായത് പ്രധാനമന്ത്രിയും മറ്റു കേന്ദ്രമന്ത്രിമാരും ജമ്മുകാശ്മീരില്‍ പ്രചാരണത്തിനെത്തുന്നതിന്റെ പശ്ചാത്തലത്തിലാണെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: