റായ്പൂര്‍: ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ യൂണിഫോം മാലിന്യ കൂമ്പാരത്തില്‍ നിന്നും കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് ഉത്തരവിട്ടു.
ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറി.
അതിനിടെ സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സിആര്‍പിഎഫ് കേന്ദ്ര സമിതി സംസ്ഥാന യൂണിറ്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാന ഐജി വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആക്ടിങ് സിആര്‍പിഎഫ് മേധാവി ആര് സി തായല്‍ അറിയിച്ചു.
ഡിസംബര്‍ ഒന്നിന് റായ്പൂര്‍ സുഖ്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 14 സിആര്‍പിഎഫ് ജവാന്മാരും രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇവരെ ചികിത്സിച്ചിരുന്ന റായ്പൂര്‍ അബേദ്കര് ഹോസ്പിറ്റലിനു സമീപത്തു നിന്നുമാണ് ജവാന്മാരുടെ യൂണിഫോം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് പ്രദേശവാസികള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. എന്നാല്‍ ചികിത്സയ്ക്കു ശേഷം ആശുപത്രി അധികൃതര്‍ ഉപേക്ഷിച്ചതാണെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.
ലോക്കല്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജവാന്മാരുടെ യൂണിഫോം ഇത്തരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവരുടെ ബന്ധുക്കളോട് മാപ്പ് പറയുന്നതായി തയല്‍ അറിയിച്ചു. വിശദമായ അന്വേഷണം നടത്തി ഉത്തവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്നും തയല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: