ന്യൂദല്‍ഹി: ഭഗവാന് ശ്രീരാമന്റെ ജന്മസ്ഥാനമായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് രാമജന്മഭൂമികേസിലെ പ്രധാന പരാതിക്കാരനായ മുഹമ്മദ് ഹാഷിം അന്‍സാരി. ബാബറി പള്ളിക്കായുള്ള ആവശ്യവുമായി ഇനി മുന്നോട്ടുപോകില്ലെന്നും അന്‍സാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീരാമജന്മഭൂമി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സുപ്രധാനമായ നിലപാടുമാറ്റമാണ് അന്‍സാരി നടത്തിയത്.
രാമജന്മഭൂമിയിലെ ബാബറി പള്ളിയുടെ പേരിലുണ്ടായ വിഷയങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചവരെല്ലാം വലിയ ബംഗ്ലാവുകളില്‍ കഴിയുമ്പോള്‍ ഭഗവാന് രാമന് ടെന്റില്‍ കഴിയുകയാണ്. രാമന്റെ ജന്മസ്ഥാനം സ്വതന്ത്രമാകുന്നത് എനിക്ക് കാണണം, അന്‍സാരി പറഞ്ഞു. ഡിസംബര്‍ 6ന് ബാബറി മസ്ജിദ് വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും അസംഖാനെയും നിശിതമായി വിമര്‍ശിച്ച അന്‍സാരി അസംഖാന് ബാബറി വിഷയത്തില്‍ രാഷ്ട്രീയം കളിച്ചെന്ന് ആരോപിച്ചു. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചതിനു പിന്നില്‍ അസംഖാനാണ്. എന്നാല്‍ മുലായം സിങിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് അസംഖാന് കൂട്ടുനിന്ന് പലപ്പോഴും പല നിലപാടുകള്‍ സ്വീകരിച്ചു, അന്‍സാരി വിമര്‍ശിച്ചു. ബാബറി സംഭവം അവസാനിച്ചെന്നും അയോധ്യയില്‍ ക്ഷേത്രം നിലനില്‍ക്കുന്നുണ്ടെന്നും അസംഖാന് കഴിഞ്ഞമാസം പറഞ്ഞിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടായി അയോധ്യയിലെ കേസിലെ പ്രധാന പരാതിക്കാരനാണ് 92കാരനായ അന്‍സാരി. എന്നാല്‍ ഇനി കോടതികളിലേക്കില്ലെന്ന നിലപാട് അന്‍സാരി വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്‍സാരിയുടെ നിലപാടു മാറ്റത്തിനെതിരെ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ സഫര്യാബ് ഗിലാനി രംഗത്തെത്തി. അന്‍സാരിയുടെ നിലപാട് മാറ്റം കേസിനെ ബാധിക്കില്ലെന്നും ഗിലാനി പറഞ്ഞു. അന്‍സാരി നിലപാട് മാറ്റിയത് അന്വേഷിക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
മുഹമ്മദ് ഹാഷിം അന്‍സാരിയുടെ പ്രസ്താവന ബിജെപി സ്വാഗതം ചെയ്തു. അയോധ്യയിലെ രാമജന്മഭൂമിയില്‍ വലിയ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ഉചിതമായ സമയം ആഗതമായിരിക്കുന്നതായി ബിജെപി നേതാവ് സിദ്ധാര്‍ത്ഥ നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: