ന്യൂദല്‍ഹി: നൂറുശതമാനം വിദേശ നിക്ഷേപമുള്ള നിര്‍മ്മാണ മേഖലയ്ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയിലുള്ള വീടുകള്‍ ലഭ്യമാക്കുന്നതിനായാണ് ഇളവുകള്‍. പുതിയ നയത്തോടെ കൂടുതല്‍ വിദേശ കമ്പനികള്‍ രാജ്യത്ത് നിക്ഷേപത്തിന് തയ്യാറാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ.
മൂലധന നിക്ഷേപത്തിലും നിര്‍മ്മാണ പ്രദേശത്തിന്റെ വലുപ്പത്തിലും ഇളവനുവദിച്ചിട്ടുണ്ട്. കരാറില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള നടപടികളും കൂടുതല്‍ എളുപ്പമാക്കി. കുറഞ്ഞ സ്ഥലപരിധി 50,000 ചതുരശ്രമീറ്ററില്‍ നിന്നും 20,000 ചതുരശ്ര മീറ്ററാക്കിയാണ് കുറച്ചിരിക്കുന്നത്. മൂലധന നിക്ഷേപത്തിന്റെ പരിധി പത്തു മില്യണ്‍ ഡോളറില്‍ നിന്നും അഞ്ചു മില്യണ്‍ ഡോളറാക്കി കുറച്ചു. നിക്ഷേപം രണ്ടുവര്‍ഷത്തേക്ക് പിന്‍വലിക്കാനാവില്ലെന്ന നിബന്ധനയും മാറ്റിയിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമോ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച ശേഷമോ പിന്മാറാന് അനുമതി നല്കി. ഹോട്ടലുകള്‍, ഹൗസിംഗ് പദ്ധതികള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ നിര്‍മ്മാണ പദ്ധതികളില്‍ വന്‍ കുതിച്ചുചാട്ടത്തിന് പുതിയ തീരുമാനം സഹായിക്കും.
2000 ഏപ്രില്‍ മുതല്‍ 2014 ആഗസ്ത് വരെ നിര്‍മ്മാണ മേഖലയില്‍ 2375കോടി ഡോളറിന്റെ നിക്ഷേപമാണ് വിദേശത്തുനിന്നും വന്നത്. രാജ്യത്ത് എത്തിയ ആകെ വിദേശ നിക്ഷേപത്തിന്റെ പത്തുശതമാനത്തോളമാണിത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി നിര്‍മ്മാണ മേഖലയിലെ വിദേശ നിക്ഷേപ അനുപാതം കുറയുകയാണ്. 2013ല്‍ 1.3 ബില്യണ്‍ ഉണ്ടായിരുന്നത് 2014 മാര്‍ച്ചില്‍ 1.2 ബില്യണ്‍ മാത്രമാണ് എത്തിയത്. ഈ വര്‍ഷം ഇതുവരെ 444 മില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം എത്തിയിട്ടുണ്ട്.
നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിച്ചുകൊണ്ട് വിദേശ നിര്‍മ്മാണ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. സാധാരണക്കാര്‍ക്ക് താങ്ങുന്ന വിലയ്ക്കുള്ള ഭവന പദ്ധതികള്‍ ആവിഷ്ക്കരിക്കുക, ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുക എന്നീ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ നയം സഹായിക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ച 100 സ്മാര്‍ട്ട് നഗരങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്കും പുതിയ നയം സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: