ന്യൂദല്‍ഹി: ജനസംഖ്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭൂരിപക്ഷമായ 90 ജില്ലകള്‍ രാജ്യത്തുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ പിന്നോക്കമായ ജില്ലകളാണ് അവയെന്നും കേന്ദ്രന്യൂനപക്ഷകാര്യസഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ലോക്സഭയെ അറിയിച്ചു.
കര്‍ണ്ണാടക, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ഒറീസ, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലകളുള്ളത്. കേരളത്തില്‍ മലപ്പുറമാണ് ന്യൂനപക്ഷ ഭൂരിപക്ഷ ജില്ല. നഗരങ്ങളില്‍ പൊന്നാനിയും പട്ടികയിലുണ്ട്. രാജ്യത്തെ ന്യൂനപക്ഷ മേഖലകളായ ജില്ലകളുടെ വികസനത്തിനായി വിവിധ മേഖലകളിലായുള്ള വികസന പദ്ധതി(എംഎസ്ഡിപി) നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഗുജറാത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് 2002ലെ കലാപത്തിനിരയായവരുടെ 17.26 കോടി രൂപ എഴുതിത്തള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്. ജമ്മുകാശ്മീരിലും സമാനമായ രീതിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കുന്നു. കേന്ദ്രന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ സമുദായങ്ങളുടെ ശാക്തീകരണത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. വിദ്യാഭ്യാസ, സാമ്പത്തിക, വനിതാ മേഖലകളില്‍ പുരോഗതി കൊണ്ടുവരുന്നതിനായുള്ള പദ്ധതികളാണ് എംഎസ്ഡിപി വഴി നടപ്പാക്കുന്നത്. പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് സ്കീം, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് സ്കീം, മൗലാന ആസാദ് സ്കോളര്‍ഷിപ്പ്, യോഗ്യത അടിസ്ഥാനമാക്കിയുള്ള മറ്റു സ്കോളര്‍ഷിപ്പുകള്‍, പരിശീലന പദ്ധതികള്‍, നളന്ദ പദ്ധതി, ന്യൂനപക്ഷ സൈബര്‍ ഗ്രാം തുടങ്ങി നിരവധി പദ്ധതികള്‍ ന്യൂനപക്ഷ ക്ഷേമത്തിനായി നിലവിലുണ്ടെന്നും നഖ്വി പറഞ്ഞു.
ജൈന സമുദായത്തെ ന്യൂനപക്ഷമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉത്തരവ് ബാധകമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഏതെങ്കിലും സംഘടനയ്ക്കോ സ്ഥാപനത്തിനോ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നും കേന്ദ്രമന്ത്രി വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: