ന്യൂദല്‍ഹി: പൊതുപരിപാടിയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി പാര്‍ലമെന്റില്‍ മാപ്പുപറഞ്ഞു. വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെ സ്തംഭിച്ചതോടെ കേന്ദ്രസര്‍ക്കാരിനെതിരായി സഭയില്‍ ആസൂത്രണം ചെയ്ത പ്രക്ഷോഭം വഴിതെറ്റിയതിന്റെ നിരാശയിലായി കോണ്‍ഗ്രസ്.
നാളുകള്‍ക്കുശേഷം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സഭയില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ വഴിതെറ്റിയത്. എന്‍ഡിഎ സര്‍ക്കാരിന്റെ നടപടികളെപ്പറ്റി പുസ്തകം പുറത്തിറക്കി പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനായി കോണ്‍ഗ്രസ് സജ്ജമാക്കിയ പദ്ധതികളെല്ലാം ഇന്നലെ പാര്‍ലമെന്റില്‍ തകിടം മറിഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം ഏറ്റെടുക്കാന്‍ സാധിക്കാതെ കോണ്‍ഗ്രസ് വിഷമിച്ചു.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും രാമന്റെ മക്കളാണെന്നും രാമന്റെ സര്‍ക്കാര്‍ വേണോ അതോ വിശ്വാസികളല്ലാത്തവരുടെ സര്‍ക്കാര്‍ വേണമോ എന്നും പശ്ചിമദല്ഹിയിലെ ശ്യാംനഗറില്‍ നടന്ന പ്രചാരണ പരിപാടിയിലാണ് കേന്ദ്രമന്ത്രി ചോദിച്ചത്. സംഭവം വിവാദമായതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഹാജരായ മന്ത്രി മാപ്പുപറഞ്ഞു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയ്ക്കെതിരെയും സാധ്വി നിരഞ്ജന് ജ്യോതി വിമര്‍ശനം നടത്തി. പാവപ്പെട്ട കുടുംബത്തില്‍ പിറന്ന റോബര്‍ട്ട് വാദ്ര എങ്ങനെ സമ്പന്നനായെന്നും പാവങ്ങളെ കൊള്ളയടിച്ചിട്ടാണെന്നും മന്ത്രി പറഞ്ഞു. ഭാരതീയര്‍ വിദേശത്തുപോകുമ്പോള്‍ ഹിന്ദുസ്ഥാനികളെന്നാണ് വിളിക്കുന്നതെന്നും ആ അര്‍ത്ഥത്തിലാണ് രാമന്റെ മക്കളെന്ന് വിശേഷിപ്പിച്ചതെന്നും പിന്നീട് കേന്ദ്രമന്ത്രി വിശദീകരിച്ചു.
വളരെ സാധാരണമായ പശ്ചാത്തലമുള്ള സാധ്വി നിരഞ്ജന് ജ്യോതി സംസാരിച്ചപ്പോള്‍ നാക്കുപിഴച്ചതാണെന്ന് കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു പ്രതികരിച്ചു. കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ പിന്‍വലിക്കുമെന്ന് ബിജെപിയും വ്യക്തമാക്കി.
രാജ്യസഭയില്‍ ഇന്നലെ ചോദ്യോത്തര വേളയും ശൂന്യവേളയും കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവനയുടെ പേരില്‍ രണ്ടുവട്ടം നിര്‍ത്തിവെച്ചു. തുടര്‍ന്ന് രണ്ടുമണിക്ക് സഭ വീണ്ടും സമ്മേളിച്ചെങ്കിലും ബഹളം തുടര്‍ന്നതോടെ ഇന്നലെ സഭ പിരിഞ്ഞു. ലോക്സഭയില്‍ ചോദ്യോത്തരവേള കുറച്ചു സമയം തടസ്സപ്പെട്ടെങ്കിലും പിന്നീട് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് വൈകുന്നേരം വരെ സഭാസമ്മേളനം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: