ന്യൂദല്‍ഹി: ഭഗവത്ഗീതയുടെ 5151-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ചെങ്കോട്ട മൈതാനിയില്‍ തുടക്കമായി. രാവിലെ ഭൂമിപൂജയോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ക്ക് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആരംഭം കുറിച്ചു. ഭേദഭാവനകള്ക്കുപരിയായി എല്ലാജനവിഭാഗങ്ങള്‍ക്കും വേണ്ടിയിട്ടുള്ള ഗ്രന്ഥമാണ് ഭഗവത്ഗീതയെന്ന് മോഹന്‍ഭാഗവത് പറഞ്ഞു.
ഭഗവാന് ഗീത ഉപദേശിച്ച കാലത്ത് ഹിന്ദു എന്ന വിഭാഗമില്ലാതിരുന്നതിനാല് എല്ലാജനങ്ങള്ക്കുമായാണ് ഉപദേശം നല്‍കിയത്. മനുഷ്യജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ് ഭഗവത്ഗീത. സത്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഗീത ജീവത്ദായിനിയാണെന്ന് തിരിച്ചറിയണമെന്നും മോഹന്‍ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ഗ്ലോബല്‍ ഇന്സ്പിരേഷന് ആന്റ് എന്‍ലൈറ്റ്മെന്റ് ഓര്ഗനൈസേഷന് ഓഫ് ഭഗവത് ഗീത എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ആറുദിനങ്ങള്‍ നീളുന്ന പരിപാടി നടക്കുന്നത്.
ഡിസംബര്‍ 7ന് സമാപന ദിനത്തില്‍ 51000 ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയോടെയാണ് ഗീതാജയന്തി ആഘോഷങ്ങള്‍ സമാപിക്കുന്നത്.
വിവിധ ദിനങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ശാസ്ത്രസാങ്കേതിക വകുപ്പ്മന്ത്രി ഡോ.ഹര്ഷവര്ദ്ധന്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ കട്ടാര്‍, വൃന്ദാവനിലെ സ്വാമി ഗുരുശരണനന്ദന്ജി, ബാബാ രാംദേവ്, ജസ്റ്റിസ് ആര്.സി ലാഹോട്ടി, ജസ്റ്റിസ് ഗിരിധര്‍ മാളവ്യ, സ്വാമി ഗ്യാനാനന്ദ് മഹാമണ്ഡലേശ്വര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രകൃതിയുമായി ബന്ധപ്പെട്ടുള്ള സമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ 4ന് വിവിധ നഗരങ്ങളില്‍ 5151 വൃക്ഷങ്ങള്‍ വീതം വെച്ചുപിടിപ്പിക്കും. ഡിസംബര്‍ 5ന് ഗോസംരക്ഷണ സമ്മേളനവും 6ന് കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സമ്മേളനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: