ന്യൂദല്‍ഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ദികളാക്കിയ 39 ഭാരത പൗരന്മാരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. തെഹ്രിക് ഇ താലിബാനെ (പാക് താലിബാന്) ഉദ്ധരിച്ച് ‘ദ സണ്‍ഡേ ഗാര്ഡിയന്’ ദിനപത്രം ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടു.
ഇറാഖിലെ ഐഎസ് ഭീകരര്‍ കടത്തിക്കൊണ്ടുപോയ ഭാരതീയരുടെ സ്ഥിതിയെക്കുറിച്ചറിയാന്‍ പത്രം തീവ്രശ്രമം നടത്തിയിരുന്നു. ഐഎസ് ഭീകരരുമായി ബന്ധപ്പെടാന്‍ അവര്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. എന്നാല്‍ പാക്- അഫ്ഗാന് അതിര്‍ത്തിയിലെ ചില ഭീകര സംഘടനകളും തെഹ്രിക് ഇ താലിബാനും ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറി.
ഐഎസ് നേതൃത്വവുമായി രണ്ടു തവണ നേരിട്ടു ബന്ധപ്പെട്ടപ്പോഴും ഭാരതീയര്‍ ജീവനോടെയുണ്ടെന്ന വിവരമാണ് ലഭിച്ചതെന്ന് പാക് താലിബാന് ഭീകരരിലൊരാള്‍ പത്രത്തിനോട് വെളിപ്പെടുത്തി.
ഐഎസുമായി സഖ്യം പ്രഖ്യാപിച്ച ആദ്യ പാക്കിസ്ഥാനി ഭീകര സംഘടനയാണ് തെഹ്രിക് ഇ താലിബാന്. അതേസമയം, ഭാരതീയരുടെ അവസ്ഥയെപ്പറ്റി ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. അമേരിക്കന്‍ വ്യോമാക്രമണം ശക്തമായ സാഹചര്യത്തില്‍ സുന്നി ഭീകരരുടെ നേതാക്കളെല്ലാം പുറംലോകവുമായി ബന്ധപ്പെടാതെ ഒളിത്താവളങ്ങളില്‍ കഴിയുകയാണ്.
ഇന്റര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങളെല്ലാം ഭീകരര്‍ ഒഴിവാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. ജൂണില്‍ ഇറാഖിലെ മൊസൂളില്‍ നിന്നാണ് ഭാരതീയരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
ബന്ദികള്‍ വധിക്കപ്പെട്ടതായുള്ള വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഭാരത വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: