മാതൃകാപരമായ ഒരു ഗുരുപുത്രനാകുവാന് നിങ്ങള്‍ അഭിലഷിക്കുവിന്‍. അച്ഛനമ്മമാര്‍ തങ്ങളുടെ സമ്പാദ്യം സന്താനങ്ങള്‍ക്ക് നീക്കിവെക്കുന്നു. എന്നാല്‍ ദിവ്യ രക്ഷാധികാരിയായ സദ്ഗുരുവാകട്ടെ തന്റെ മാതൃകാശിഷ്യന് നല്‍കുന്നത് അനശ്വരമായ ജ്ഞാന സമ്പത്താണ്. പക്ഷേ, ഒന്നുണ്ട് ശിഷ്യന് ആ കൃപയ്ക്ക് അര്ഹനാകണം. അസൂയ അതൃപ്തി സംശയം അഹന്ത എന്നിവ തീണ്ടാന്പോലും അനുവദിക്കരുത്. ഭാഗ്യത്തിലും വിജയത്തിലും നേട്ടങ്ങളിലും ആഹ്ലാദംകൊണ്ട് മതിമറക്കാതെ അവയൊക്കെ ഗുരുകൃപയാല്‍ ലഭിച്ചതായി പരിഗണിക്കണം.
ഇന്ദ്രിയസുഖഭോഗങ്ങളെപ്പറ്റിയുള്ള ചിന്തമൂലം ഒരാള്‍ സംസാരത്തില്‍ത്തന്നെ മുഴുകുന്നു. ഈ ചിന്താപ്രവാഹത്തിനു പരിവര്‍ത്തനം വരുത്തി ഈശ്വരഭക്തിയില്‍ ചിന്തയെ കേന്ദ്രീകരിക്കുകയും അനുഷ്ഠാനത്തില്‍ നിരതനാവുകയും ചെയ്താല്‍ തപസ്സാകുന്ന മഹാധനം സമ്പാദിക്കുവാന്‍ എളുപ്പം കഴിയും. തപസ്സിന്റെ അഗ്നി ഉള്ളില്‍ ജ്വലിക്കണം.
സൂരേ്യാദയത്തില് ഹിമം അലിയുന്നതുപോലെ തപശ്ചര്യയുടെ അഗ്നിനാളങ്ങളില്‍ വാസനകള്‍ അലിഞ്ഞ് ഇല്ലാതാവണം. കടലിന്റെ ആഴം അളക്കുവാന്വേണ്ടി അതില്‍ മുക്കുന്ന ഉപ്പ് പാവ എങ്ങനെയാണോ സമുദ്രത്തില്‍ അലിഞ്ഞ് ചേരുന്നത് അതുപോലെ ബ്രഹ്മത്തെ ധ്യാനിച്ച് ബ്രഹ്മസാഗരത്തെ സ്പര്‍ശിക്കുമ്പോള്‍ ആത്മാവിന്റെ വ്യക്തിത്വം തിരോഭവിച്ച് ബ്രഹ്മത്തില്‍ ലയിക്കുന്നു. ഇതാണ് ജന്മസാഫല്യം.
ധാരണ, ധ്യാനം, സമാധി ഇവ അനുക്രമം ഉണ്ടാവുമ്പോള്‍ അതിനെ യോഗശാസ്ത്രത്തില്‍ ‘സംയമം’ എന്നുപറയുന്നു. ഏതെങ്കിലും ഒരു വിഷയത്തിന്റെ അവിഛിന്നമായ സ്മരണയാണു ധാരണ. ധാരണയുടെ തീവ്രതയില്‍ ദ്രഷ്ടാവ്, ദൃശ്യം എന്ന ഭാവങ്ങളെ ചിത്തം കൈവെടിയുന്ന അവസ്ഥയാണു ധ്യാനം. ധ്യാനം ഗഹനമായിത്തീരുമ്പോള് ദ്രഷ്ടാവ് ദൃശ്യമെന്നു ദ്വന്ദഭാവങ്ങളെ അതിക്രമിച്ച് ദ്രഷ്ടാവും ദൃശ്യവും ഒന്നായിത്തീരുന്നു. ഇതാണ് സമാധി.
നിരന്തരം ഉണ്ടാവുന്ന സമാധിയും അതില്‍നിന്നുളള പുനരുത്ഥാനവും മുഖേന സഹജാവസ്ഥയെ അനുഭവിച്ചവരില്‍ സംയമം അവരുടെ ഇഷ്ടാനുസരണം വന്നുചേരും. അവര്‍ ഏത് സാഹചര്യത്തില്‍ എവിടെ കഴിഞ്ഞാലും എപ്പോഴും യോഗാവസ്ഥയില്ത്തന്നെ ആയിരിക്കും സ്ഥിതിചെയ്യുന്നത്. അവര്‍ ബ്രഹ്മ്യാവസ്ഥയില് വര്‍ത്തിക്കുകയാണ്. ഈ അവസ്ഥയെയാണ് സ്ഥിത പ്രജ്ഞാവസ്ഥ ജീവന് മുക്താവസ്ഥ എന്നെല്ലാം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: