ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ബിഹാരി വാജ്പേയിയുടെ ജന്മദിനം ഇനി മുതല്‍ ദേശീയ സദ് ഭരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടി എംപിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു.
ബിജെപിയുടെ എല്ലാ എംപിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ദിനത്തെ സദ് ഭരണ ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായി പാര്‍ലമെന്ററി കാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ എംപിമാരും ബിജെപി നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരുകളും ഈ ദിനം സദ് ഭരണ ദിനമായി ആചരിച്ച് രാജ്യത്തിന് മാതൃകയാകണം. എല്ലാ ബിജെപി എംപിമാരും താന്താങ്ങളുടെ മണ്ഡലത്തില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ശുചിത്വ ഭാരത് പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായി റൂഡി പറഞ്ഞു.
വിദേശരാജ്യങ്ങളിലെ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയതിനും സാര്‍ക്ക് സമ്മേളനം, ആസ്ട്രേലിയയിലെ ജി 20 ഉച്ചകോടി എന്നിവ വിജയിപ്പിക്കാനും ശ്രമിച്ചതിന് പ്രധാനമന്ത്രിയെ പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു അഭിനന്ദിച്ചു. നാളെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രി വിദേശത്ത് നടത്തിയ ദ്വിഗ് വിജയം സംബന്ധിച്ച് താന്‍ പ്രസ്താവന നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പാര്‍ട്ടി അംഗത്വ വിതരണം 1.1 കോടിയിലെത്തിയിരിക്കുകയാണെന്നും അത് കൂടുതല്‍ വിജയത്തിലെത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
നിലവിലെ നാലു കോടി അംഗങ്ങളെന്ന നിലയില്‍ നിന്ന് ബിജെപിയെ പത്തു കോടി അംഗങ്ങളുള്ള പാര്‍ട്ടിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി ആസാം സന്ദര്‍ശിക്കുമ്പോള്‍ ഓണ്‍ലൈന്‍ അംഗത്വമെടുക്കല്‍ 4000-6000 ആയിരുന്നത് ഒറ്റയടിക്ക് ഒരു ദിവസം കൊണ്ട് 75,000ത്തിലെത്തിയത് ഷാ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ എല്ലാ എംപിമാരും ചേര്‍ന്ന് ദല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2000 യോഗങ്ങളില്‍ പങ്കെടുക്കണം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കൂടി നടക്കുന്ന വേളയില്‍ 200 എംപിമാരെ ഇപ്പോള്‍ തന്നെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഭാഗഭാക്കാക്കുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: