ന്യൂദല്‍ഹി: ഭാരത – ബംഗ്ലാദേശ് അതിര്‍ത്തി ഉടമ്പടി കരാര്‍ എത്രയും വേഗം നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സ്റ്റാന്‍ഡിംഗം കമ്മിറ്റി തലവനായ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഭരണഘടനയുടെ 119-ാമത് ഭേദഗതി ബില്ലായിരിക്കും ഇത്. ദേശീയ താത്പര്യം മുന്‍നിര്‍ത്തി 2013ലാണ് ബംഗ്ലാദേശുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചത്. കരാറിന്റെ സുഗമമായ നടത്തിപ്പിന് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഭാരതത്തിന് കൈമാറേണ്ട ബംഗ്ലാദേശ് അടച്ചുകെട്ടിയ പ്രദേശത്തിന്റെ വികസനത്തിനാവശ്യമായ രൂപരേഖയും തയ്യാറാക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. മാത്രമല്ല ഭാരതത്തിലേക്ക് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിന് വേണ്ട നടപടികള്‍ കൈക്കൊള്ളണം.
അതുപോലെ ബംഗ്ലാദേശികള്‍ക്ക് ഭാരത പൗരത്വം നല്‍കുന്നതിനെക്കുറിച്ചും വിശദമായി അന്വേഷിക്കണം. ഉടമ്പടി നടപ്പാക്കിയ ശേഷം ബംഗ്ലാദേശില്‍ തുടരുന്ന ഭാരതീയരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാരതവും ബംഗ്ലാദേശും തങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന് പരസ്പരം ഭൂമി കൈമാറാമെന്ന് നേരത്തെ സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: