റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടായ സുക്മ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ഇന്ന് സന്ദര്‍ശിക്കും.
ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് സുക്മ ജില്ലയില്‍ ശക്തമായ മാവോവാദി ആക്രമണത്തില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 13 സി.ആര്.പി.എഫുകാര്‍ കൊല്ലപ്പെട്ടു.
ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സി.ആര്.പി.എഫിന്റെ ഡെപ്യൂട്ടി കമാന്‍ഡന്റും അസിസ്റ്റന്റ് കമാന്‍ഡന്റും ഉള്‍പ്പെടുന്നു. ഈ വര്‍ഷം മാവോവാദികള്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്.
രാവിലെ പത്തരയോടെ കാസന്പഡ ഗ്രാമത്തില്‍ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിലിലേര്‍പ്പെട്ട 223 ബറ്റാലിയനുനേരേ മാവോവാദിസംഘങ്ങള് ശക്തമായ വെടിവെപ്പ് നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു നിന്നു
പരിക്കേറ്റവരെ മാറ്റുകയായിരുന്ന വ്യോമസേയുടെ ഹെലികോപ്റ്ററിന് നേരേയും വെടിവെപ്പുണ്ടായി.
മാവോവാദിസാന്നിദ്ധ്യം ശക്തമായ ദക്ഷിണബസ്തര് മേഖലയില്‍പ്പെട്ടതാണ് ആക്രമണമുണ്ടായ സുക്മ ജില്ല. കഴിഞ്ഞ പത്തുദിവസമായി വനമേഖലയില്‍ തിരച്ചിലിലേര്‍പ്പെട്ട ബറ്റാലിയനുനേരേയാണ് ആക്രമണമുണ്ടായതെന്ന് സി.ആര്.പി.എഫ് അധികൃതര്‍ അറിയിച്ചു.
നാട്ടുകാരെ മനുഷ്യകവചങ്ങളാക്കിക്കൊണ്ടാണ് മാവോവാദികള്‍ ആക്രമണം നടത്തിയത്. ഇതുമൂലം കടുത്ത നിയന്ത്രണം പാലിച്ചുകൊണ്ടാണ് തിരിച്ചടിക്കാന്‍ കഴിഞ്ഞതെന്ന് സി.ആര്.പി.എഫ് എ.ഡി.ജി രജീന്ദര്‍കുമാര്‍ വിജ് പറഞ്ഞു. തിരിച്ചടിയില്‍ മാവോവാദികള്‍ മരിച്ചിട്ടുണ്ടാകാമെന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദുഃഖവും നടുക്കവും പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലെ ഇതിനെ കുറിച്ച് കൂടുതല്‍
പറയാന്‍ സാധിക്കുകയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെ അപലപിച്ചു. സുഖ്മയില്‍ ദേശവിരുദ്ധ ശക്തികള്‍ നടത്തിയ നീചവും മനുഷ്യത്വരഹിതവവും ഭീകരവുമായ ആക്രമണത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: