ശ്രീനഗര്‍: കനത്ത സുരക്ഷാസന്നാഹങ്ങള്ക്കിടയില് ജമ്മുകശ്മീരിലും ഝാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കശ്മീരില്‍ കൊടുംതണുപ്പും വകവയ്ക്കാതെ രാവിലെ തന്നെ ഒട്ടുമിക്ക പോളിങ് ബൂത്തുകളിലും സാമാന്യം ഭേദപ്പെട്ട തിരക്കാണ് അനുഭവപ്പെടുന്നത്.കേന്ദ്രസേനാംഗങ്ങളടക്കം 40,000 സുരക്ഷാസൈനികരെയാണ് ക്രമസമാധാനപാലനത്തിനായി ഇവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.
കാശ്മീരിലെ പതിനെട്ടും ഝാര്‍ഖണ്ഡിലെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുകാശ്മീരിലെ പതിനെട്ട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 175 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ഒമര്‍ അബ്ദുള്ള മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ സാക്കിറ ഐത് ഉള്‍പ്പെടെ നാല് മന്ത്രിമാര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പെടുന്നു.
പീപ്പിള്‍സ് കോണ്‍ഫറന്‍സ് തലവനായ സജാദ് ലിയോണ്‍, പിഡിപി നേതാവ് ഗുലാം നബി പണ്ഡിറ്റ്, നാഷണല്‍ കോണ്‍ഫറന്‍സിന്റെ വാലി മുഹമ്മദ്, സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസുഫ് തരീഖാമി എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് പ്രമുഖര്‍. ഝാര്‍ഖണ്ഡില്‍ 20 മണ്ഡലങ്ങളിലേക്ക് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 221 സ്ഥാനാര്‍ത്ഥികളാണ് ആകെ ജനവിധി തേടുന്നത്.
മാവോയിസ്റ്റ് സ്വാധീന മേഖലകളായിരുന്നിട്ടും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന പതിമൂന്ന് മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അര്‍ജുന ഖോണ്ഡേ, മധു മുണ്ട എന്നീ മുന്‍ മുഖ്യമന്ത്രിമാരും ഈ ഘട്ടത്തില്‍ മത്സരരംഗത്തുണ്ട്. കഴിഞ്ഞ ദിവസം അര്‍ണിയ സെക്ടറില്‍ ഭീകരാക്രമണമുണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പിനായി കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പ് സമാധാന പൂര്‍ണമായിരുന്നു. ജമ്മുകശ്മീരില്‍ 70ഉം ഝാര്‍ഖണ്ഡില്‍ 62ഉം ശതമാനമായിരുന്നു ആദ്യഘട്ട പോളിംഗ്. ജമ്മുകശ്മീരിലെ 15ഉം ഝാര്‍ഖണ്ഡിലെ 13ഉം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: