വസിഷ്ഠന് തുടര്‍ന്നു: ലോകമായി ഇവിടെ പ്രോജ്വലിക്കുന്നത് അനന്തമായ ബോധം മാത്രമാണ്. വാസ്തവത്തില്‍ ലോകമോ നിശ്ശൂന്യതയോ ബോധം പോലുമോ അല്ല. ഒരു കാര്യം പറയാം; ലോകമെന്നു നാം വിളിക്കുന്ന ഈ വസ്തു അതല്ല. അത് ആകാശത്തേക്കാള്‍ സൂക്ഷ്മമായതിനാല്‍ അത് മറ്റെന്തോ ആയി കാണപ്പെടുകയാണ്. ‘അതിനും’, ‘ഇതിനും’ ഇടയ്ക്ക് ദേഹബോധമുണ്ട്. ആ ദേഹമോ, ഒരു പ്രതീതിയായി അനുഭവിക്കുകയാണ്.
സൃഷ്ടിയ്ക്ക് കാരണമൊന്നുമില്ലാത്തതിനാല്‍ അതുണ്ടായിവരാന്‍ ന്യായമായും സാദ്ധ്യതയില്ല.അപ്പോള്‍പ്പിന്നെ അതിനു നിലനില്പ്പുണ്ടെന്ന് എങ്ങിനെ പറയാന്‍ സാധിക്കും? അതിനാല്‍ ബാഹ്യമായ ഒരു വിശ്വം, എന്നുവേണ്ട, ഒരണുപോലും ഉണ്ടെന്നു സ്ഥാപിക്കാന്‍ യാതൊന്നും നിലവിലില്ല.
എന്തെങ്കിലും ഇവിടെ ബാഹ്യവിശ്വമായി കാണപ്പെടുന്നുണ്ടെങ്കില്‍ അത് വാസ്തവത്തില്‍ അനന്തബോധം തന്നെയാണ്. നിദ്രയിലുള്ള ഒരാള്‍ സ്വപ്നലോകത്തേയ്ക്ക് കടക്കുമ്പോള്‍ തന്റെ നിദ്രാസ്വഭാവത്തില് മാറ്റങ്ങള്‍ ഒന്നുമുണ്ടാക്കുന്നില്ല. അതുപോലെ അനന്തബോധം അതിന്റെ ശുദ്ധബുദ്ധമുക്ത സ്വരൂപത്തെ മാറ്റിയിട്ടല്ല വസ്തുപ്രപഞ്ചമായി വിക്ഷേപിക്കപ്പെടുന്നത്.
അതുകൊണ്ട് ഭൂമി മുതലായ വസ്തുക്കള്‍ക്കൊന്നിനും, അവയ്ക്ക് രൂപമുണ്ടെങ്കിലും ഇല്ലെങ്കിലും, അത് കാണപ്പെടുന്നുണ്ടെന്നു തോന്നുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഉണ്മയില്ല. ആത്യന്തികമായി ഇതിനെല്ലാം പുറകിലുള്ള സത്യം അനന്തബ്രഹ്മം മാത്രമാണ്. അതാണ് എല്ലാമായി പ്രോജ്വലിക്കുന്നത്. സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ താന്‍ കണ്ട പര്‍വ്വതം വെറും ശൂന്യതയായിരുന്നുവെന്ന് അറിയുന്നതുപോലെ ഇക്കാണായ നാമരൂപങ്ങള്‍ വാസ്തവത്തില്‍ ഇല്ലാത്തവയാണെന്ന് പ്രബുദ്ധനറിയുന്നു.
‘പ്രബുദ്ധനെ സംബന്ധിച്ചിടത്തോളം ഈ ലോകം അവിച്ഛിന്നമായ പരബ്രഹ്മമാണ്. നാമെല്ലാം ബുദ്ധിയുള്ളവരാണെങ്കിലും അവിദ്യയെന്നാല് എന്താണെന്ന്, പ്രബുദ്ധതയില്ലാത്ത അവസ്തയെന്തെന്ന് നമുക്കറിയില്ലതന്നെ.’
‘അതിനും’, ‘ഇതിനും’ ഇടയ്ക്ക് ബോധഘനം നിലകൊള്ളുന്നു. അതാണ് എല്ലാ ജീവജാലങ്ങളുടെയും ആന്തരസത്ത.ആത്മാവിന്റെ പരമാവസ്ഥയാണത്. ‘അതിനും’, ‘ഇതിനു’മിടയ്ക്കുള്ള അനന്തമായ വിഹായസ്സിലാണ് ബോധഘനം. അതിലാണ് എല്ലാമെല്ലാം സുദൃഢമായി നിലകൊള്ളുന്നത്.
ആ ബോധഘനം എന്താണോ അതുമാത്രമേ സത്തയും അസത്തായും നിലവിലുള്ളൂ. രൂപം, പ്രതീതി, തുടങ്ങി മനസ്സിലുദിക്കുന്ന ചോദനകളെല്ലാം സമുദ്രജലത്തിലെ ചുഴികളെന്നപോലെ ഒരേവസ്തു തന്നെയാണ്. ‘അതിനും’, ‘ഇതിനും’ ഇടയില്‍ അനന്തബോധമാണ്. അതിനെ ഉപാധികളൊന്നുമില്ലാതെ സാക്ഷാത്ക്കരിച്ചാല്പ്പിന്നെ ലോകമില്ല. ആകര്‍ഷണ വികര്‍ഷണങ്ങള്‍, അസ്തിത്വാനസ്തിത്വങ്ങള്‍, മുതലായ ദ്വന്ദങ്ങള്‍ അതിന്റെ അവയവങ്ങളാവുന്നു. എന്നാല്‍ അതിന്റെ സത്യസഹജഭാവത്തില് മാറ്റങ്ങളേതും ഉണ്ടാവുന്നതേയില്ല. ആദിയന്തങ്ങള്‍ എന്ന രണ്ടറ്റങ്ങള്‍ സങ്കല്പ്പിച്ചാല് അവയും അതിനിടയിലുള്ള മദ്ധ്യവും എല്ലാം അനന്തബോധമാണ്, ആത്മാവാണ്. ‘അതിനും’, ‘ഇതിനും’ ഇടയിലുള്ള ബോധത്തിന്റെ മറ്റൊരുപേരാണ് ലോകം.
അനാദിയില്പ്പോലും സൃഷ്ടിയെന്ന ഒന്ന് ഉണ്ടായിട്ടേയില്ല. ലോകം ഉണ്ട് എന്നുപറയുന്നത് വെറും കഥമാത്രം. ഇല്ലാത്ത ലോകം ഉണ്ടെന്നു കരുതുകയും ഉണ്മയായി ഉള്ള എകസത്യത്തെ ഇല്ലെന്നു ധരിക്കുകയും ചെയ്യുന്നത് എത്ര മൗഢ്യമാണെന്നു നോക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: