ഗുവാഹത്തി: ഭാരതത്തെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യം വയ്ക്കുന്നതായി വെളിപ്പെടുത്തല്‍.
ഐഎസ് ക്യാംപില്‍ നിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ഭീകരന് അരീബ് മജീദാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഈ കാര്യം വെളിപ്പെടുത്തിയത്.
ഭീതിജനകമായ സിദ്ധാന്തമാണ് അരീബിന്റേതെന്നും അഫ്ഗാനിസ്ഥാനിലെ ഇപ്പോള്‍ പ്രവര്‍ത്തനമില്ലാത്ത ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി ഭീകര സംഘടനയോട് താരതമ്യപ്പെടുത്താവുന്നതാണ് ഇയാളുടെ സിദ്ധാന്തമെന്നും ചോദ്യം ചെയ്ത മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫിസര്‍ അറിയിച്ചു.
അതിനിടെ ദൈവത്തിന്റെ ഇഷ്ട പ്രകാരമാണ് സംഘടനയില്‍ ചേര്‍ന്നതെന്നും അതില്‍ ഖേദിക്കുന്നില്ലെന്നും അരീബ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതായും സൂചനയുണ്ട്.
മുംബൈയില്‍ നിന്ന് ഐഎസ് സംഘടനയില്‍ ചേരാന്‍ പോയ നാലു യുവാക്കളില്‍ ഒരാളാണ് അരീബ്. വെള്ളിയാഴ്ച മുംബൈയില്‍ വിമാനം ഇറങ്ങിയപ്പോഴാണ് ഇരുപത്തിമൂന്നുകാരനായ അരീബിനെ അറസ്റ്റ് ചെയ്തത്.
സിറിയയിലും ഇറാഖിലും ആക്രമണം നടത്തുന്നതിനിടെയുണ്ടായ പരുക്കുകള്‍ക്ക് ചികിത്സ തേടിയാണ് ഐഎസില്‍ നിന്നു വിട്ടതെന്നാണ് അരീബ് പറയുന്നത്. എന്നാല്‍ ഇയാളെ വിട്ടയയ്ക്കുന്നതിനു പിന്നില്‍ ഐഎസിന് വ്യക്തമായ ലക്ഷ്യമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.
അല്‍ ഖ്വയ്ദ ഭാരതത്തെ നേരിടുന്നതിനായി പ്രത്യേക വിഭാഗം രൂപീകരിക്കുകയും ഐഎസിന് യുവാക്കള്‍ക്കിടയില്‍ സ്വാധീനം വര്‍ധിച്ചുവരികയും ചെയ്യുന്നത് ഗുരുതരമായ വെല്ലുവിളിയാണെന്ന് ഗുവാഹത്തിയില്‍ നടക്കുന്ന ആഭ്യന്തര സുരക്ഷാ സമ്മേളനത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: