പനാജി: ഗോവയില്‍ നടന്ന 45-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം റഷ്യന്‍ ചിത്രമായ ലെവിയാതന്. മികച്ചനടനുള്ള പുരസ്കാരം ഈ ചിത്രത്തില്‍ നായകവേഷം അവതരിപ്പിച്ച അലക്സി സെറിബ്രയാക്കവും ബംഗാളി നടന് ദുലാന്‍ സര്‍ക്കാരും പങ്കിട്ടു. 10 ലക്ഷം രൂപയാണ് പുരസ്കാര തുക.
ആന്‍ഡ്രി സ്വാഗിന്‍സാവ് ആണ് ലെവിയാതന്റെ സംവിധായകന്. കാന്‍, ടൊറന്റോ ഉള്‍പ്പെടെയുള്ള മേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. അഴിമതി ഗ്രസിച്ച റഷ്യയുടെ സാമൂഹിക യാഥാര്‍ഥ്യം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. 40 ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ശ്രീഹരി സേത്ത് സംവിധാനം ചെയ്ത മറാത്തി ചിത്രം വണ്‍ തൗസന്റ് നോട്ടിന് (ഏക് ഹസാരാചീ നോട്ട്) പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. പ്രത്യേക ജൂറി പുരസ്കാരമായ രജത മയൂരവും ഇന്ത്യന്‍ സിനിമയുടെ ശതാബ്ദിയോടനുബന്ധിച്ചുള്ള രജത മയൂരവും ഈ ചിത്രം നേടി. യഥാക്രമം 15, 10 ലക്ഷം രൂപ വീതമാണ് പുരസ്കാരം.
ഇസ്രയേലില്‍ നിന്നുള്ള ദി കിന്റര്ഗാര്ട്ടന് എന്ന ചിത്രം സംവിധാനം ചെയ്ത നദാവ് ലാപിഡ് മികച്ച സംവിധായകനുള്ള രജതമയൂരം സ്വന്തമാക്കി. 15 ലക്ഷം രൂപയാണ് പുരസ്കാരം തുക. ദി കിന്റര്‍ഗാര്‍ട്ടനിലെ നായിക സരിത് ലാറിയും ക്യൂബന്‍ ചിത്രമായ കോണ്ടക്ടയിലെ നായിക അലീന ക്രൂസും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. 10 ലക്ഷം രൂപയും രജത മയൂരവുമാണ് പുരസ്കാരം.
മേളയുടെ സമാപനത്തില്‍ ജൂറി അധ്യക്ഷന്‍ സ്ലാവോമില് ഇത്സിയാക്കാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ ഹോങ്കോങില്‍ നിന്നുള്ള ചലച്ചിത്രകാരനായ വോങ് കര്വായ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം കേന്ദ്ര വാര്‍ത്താ വിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡില്‍ നിന്ന് ഏറ്റുവാങ്ങി. ബോളിവുഡ് താരം വഹീദാ റഹ്മാന്, മലയാളി താരം ജയറാം, ബോളിവുഡ് താരം നാനാപടേക്കര് എന്നിവര്‍ പങ്കെടുത്തു. നവംബര്‍ 20നാണ് മേള ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: