ഗുവാഹത്തിയില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും ദേശീയ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നു
ഗുവാഹത്തി: രാജ്യത്തിനാവശ്യം സ്മാര്‍ട്ട് പോലീസിനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുവാഹത്തിയില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും 49-ാമത് ദേശീയ കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സേനയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കാഴ്ച്ചപ്പാടുകള്‍ തിരുത്തപ്പെടേണ്ടിയിരിക്കുന്നു. തന്റെ മനസില്‍ സ്മാര്‍ട്ട് പോലീസിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നു പറഞ്ഞ മോദി, സ്മാര്‍ട്ട് എന്ന ഇംഗ്ലീഷ് വാക്കിലെ ഓരോ അക്ഷരങ്ങള്‍ക്കും പോലീസുകാര്ക്കുണ്ടായിരിക്കേണ്ട വ്യത്യസ്ത ഗുണങ്ങള്‍ നല്‍കിക്കൊണ്ടാണ് തന്റെ ആശയത്തെ വിശദീകരിച്ചത്.
എസ,് എന്ന അക്ഷരം മൃദുലതയേയും നിഷ്ഠയേയും സൂചിപ്പിക്കുന്നു. എം, ആധുനികതയെയും ചലനക്ഷമതയേയും എ, ജാഗ്രതയേയും ഉത്തരവാദിത്വത്തേയും, ആര്, വിശ്വാസ്യതയേയും പ്രതികരണശേഷിയെയും ടി, ശിക്ഷണത്തേയും സാങ്കേതിക അവഗാഹത്തെയും സൂചിപ്പിക്കുന്നു. ഈ ഗുണങ്ങളെല്ലാം സമ്മേളിക്കുന്ന സ്മാര്‍ട്ട് പോലീസിനെയാണ് ഇന്ന് രാജ്യത്തിനാവശ്യമെന്നും മോദി വ്യക്തമാക്കി.
ശക്തമായ രഹസ്യാന്വേഷണ സംവിധാനമുണ്ടെങ്കില്‍ സര്‍ക്കാരിന് മുന്നോട്ട് പോകുവാന്‍ ആയുധങ്ങളോ പടക്കോപ്പുകളോ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉയര്‍ന്ന രഹസ്യാന്വേഷണ സംവിധാനത്തിന് വലിയ പ്രാധാന്യമുണ്ട്. ആഭ്യന്തര സുരക്ഷാസംവിധാനത്തിന്റെ ആണിക്കല്ല് നല്ല രഹസ്യാന്വേഷണ സംവിധാനമാണ്. ആയുധങ്ങളുടെ ശക്തിയല്ല മറിച്ച് ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ മനോഭാവമാണ് പ്രധാനപ്പെട്ടതെന്നും മോദി ഓര്‍മിപ്പിച്ചു.
രാജ്യത്തെ നിയമവ്യവസ്ഥക്കും പരിപാലനത്തിനും സേന ആവശ്യമാണ്. പോലീസ്സേനക്കുവേണ്ടി ജീവന് ബലിനല്‍കിയവരെ മറക്കാനാകില്ല. സ്വാതന്ത്ര്യലബ്ദിക്കുശേഷം 33000 പോലീസുകാരാണ് ജോലിക്കിടയില്‍ മരിച്ചുവീണത് മോദി പറഞ്ഞു. ഇതൊരു ചെറിയ സംഖ്യയല്ല. അവരുടെ ബലിദാനത്തെ ഒരിക്കലും പാഴാക്കാനാവില്ല. പോലീസിനെകുറിച്ചുള്ള മോശം വാര്‍ത്തകള്‍ക്കാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും മോദി കുറ്റപ്പെടുത്തി. സ്വയം നടപ്പാക്കിയ നല്ല കാര്യങ്ങളെക്കുറിച്ച് പോലീസുകാരും ജനങ്ങളെ ബോധവല്‍ക്കരിക്കണം. അതുപോലെ പോലീസുകാരുടെ ക്ഷേമവും വളരെ പ്രധാനപ്പെട്ടതാണ്.
സാധാരണക്കാരുടെ സംരക്ഷണത്തിനായി രക്തസാക്ഷികളാകുന്നവരെ ബഹുമാനിക്കാനുള്ള ഉത്തരവാദിത്വം സേനക്കുണ്ട്. പുതിയതായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഓരോ സംസ്ഥാനത്തും പോലീസ് അക്കാദമികള്‍ വേണം. ഡ്യൂട്ടിക്കിടയില്‍ രക്തസാക്ഷികളായവരെക്കുറിച്ച് പുതിയ പോലീസുകാരെ പഠിപ്പിക്കണം. ഓരോവര്‍ഷവും ഇത് പുതുക്കണം. എപ്പോഴും പോലീസുകാര്‍ക്ക് പിരിമുറുക്കമാണ്. ശാന്തവും സമാധാനപരവുമായ കുടുംബാന്തരീക്ഷം ഉറപ്പുവരുത്തണം.
ശാസ്ത്രീയമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം.
ഭാരതത്തിലെ വലിയ സംസ്ഥാനത്ത് വിജയിച്ച മുഖ്യമന്ത്രിയാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തതുകൊണ്ട് പോലീസിനെക്കുറിച്ച് അറിയാമെന്നും മോദി പറഞ്ഞു.
ദല്‍ഹിക്ക് പകരം വടക്കുകിഴക്കന്‍ നഗരമായ ഗുവാഹത്തിയില്‍ സെമിനാര്‍ സംഘടിപ്പിച്ചതിലൂടെ പരമ്പരാഗത രീതികളെ തകര്‍ത്തിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.
ദേശീയ തലത്തില്‍ പ്രാധാന്യമുള്ള സുരക്ഷാ യോഗം ഇവിടെ നടത്താനുള്ള തീരുമാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: