ന്യൂദല്‍ഹി: തമിഴ് സാഹിത്യ ഇതിഹാസങ്ങളായ തിരുവള്ളുവരും ഭാരതീയാരും ഇനി വടക്കേന്ത്യന്‍ പാഠപുസ്തകങ്ങളിലും. തിരുവള്ളുവരുടെ പുസ്തകമായ തിരുക്കുറള്‍ എല്ലാ കേന്ദ്രസര്‍വ്വകലാശാലകളിലും പഠിപ്പിക്കുമെന്ന് കേന്ദ്രഗതാഗത സഹമന്ത്രി പൊന്‍രാധാകൃഷ്ണനോടും തമിഴ്സംഘങ്ങളോടും കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഭാരതീയാരുടെ കവിതകള്‍ സ്കൂള്‍ തലങ്ങളില്‍ പഠിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മലയാളം, കന്നഡ ഭാഷകളിലെ സാഹിത്യകൃതികളും ഇത്തരത്തില്‍ വടക്കേന്ത്യന്‍ പാഠപുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിച്ച് ഭാഷകളോടുള്ള ബഹുമാനം വര്‍ദ്ധിപ്പിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ബിജെപി എംപി തരുണ്‍ വിജയ് ആണ് ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത്. തിരുവള്ളുവരുടെ കൃതികള്‍ എല്ലാ വടക്കേന്ത്യന്‍ സ്കൂളുകളിലും പാഠ്യവിഷയമാക്കണമെന്ന തരുണ്‍ വിജയിന്റെ അഭിപ്രായത്തോട് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പിന്തുണ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് മാനവ വിഭവ ശേഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സുപ്രധാനമായ തീരുമാനം എടുപ്പിച്ചത്. തമിഴ്നാടിനെ സംബന്ധിച്ചും തമിഴ് ഭാഷയെ സംബന്ധിച്ചും ചരിത്രപരമായ തീരുമാനമാണിതെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് പറഞ്ഞു. തമിഴ് ഭാഷയും തിരുവള്ളുവരും ഒരിക്കലും ദേശീയ തലത്തിലേക്ക് എത്തിപ്പെട്ടിരുന്നില്ല.
ദേശ, ഭാഷാന്തര വത്യാസമില്ലാതെ രാജ്യത്തെ എല്ലാ ഭാഗങ്ങളെയും ഒന്നാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനപ്രകാരമാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദല്‍ഹി തമിഴ് സംഘം, ഓള് തമിഴ്നാട് ടീച്ചേഴ്സ് ഫെഡറേഷന് എന്നീ സംഘടനകളും മന്ത്രിക്കൊപ്പം കേന്ദ്രമാനവ വിഭവ ശേഷി മന്ത്രിയെ കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: