അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു ദിവസം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 96ല്‍ അന്നത്തെ പ്രധാനമന്ത്രി ദേവഗൗഡയ്ക്കുശേഷം ഇതാദ്യമാണ് ഒരു പ്രധാനമന്ത്രി ഇത്രയും ദിവസം വികസനം എത്തിയിട്ടില്ലാത്ത, കേന്ദ്രമന്ത്രിമാരടക്കം പലരും പോകാന്‍ മടിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചെലവിടുന്നത്.
മേഘാലയയില്‍ ഇവിടുത്തെ ആദ്യ ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുന്ന മോദി ആസാമിന്റെ തലസ്ഥാനമായ ഗുവാഹതിയില്‍ ഡിജിപിമാരുടെ സമ്മേളനത്തില്‍ സംസാരിക്കും. ത്രിപുരയില്‍ പുതിയ വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യും. നാഗാലാന്‍ഡില്‍ ഹോണ്‍ബില്‍ (വേഴാമ്പല്‍) ഉല്‍സവവും മണിപ്പൂരിലെ ഒരു ആഘോഷവും മോദി ഉദ്ഘാടനം ചെയ്യും. അരുണാചല്‍ പ്രദേശും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.
വടക്കു കിഴക്കന്‍ പ്രദേശം വികസിക്കാതെ ഭാരതം വികസക്കില്ലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. നാലു ദിവസം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മോദി ചെലവിടുന്നതിന് വലിയ പ്രധാന്യമാണ് ഉള്ളത്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകന് തപസ് ദേ പറഞ്ഞു.ഇവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകള്‍ എപ്പോഴും കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരു സംസ്ഥാനത്തിനും വലിയ വരുമാനമില്ല. വലിയ വ്യവസായങ്ങള്‍ ഒന്നുമില്ല. സമ്പദ്വ്യവസ്ഥ മോശം, തൊഴിലില്ലായ്മ കൂടുതലും. ദേ തുടര്‍ന്നു.
വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പണവും പദ്ധതികളും അടങ്ങിയ പാക്കേജുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിമാര്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: