ആലപ്പുഴ: സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്നത് അതീവ ഗുരുതരമായ പക്ഷിപ്പനി. ഇതിനു കാരണം എച്ച്5 എന്‍1 വൈറസാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുള്ള വൈറസാണിത്. അത്യന്തം ഗുരുതരമായ സാഹചര്യമാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലയില്‍ പര്യടനം നടത്തുന്ന കേന്ദ്ര സംഘാംഗങ്ങളായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് അഡീഷണല്‍ ഡയറക്ടര്‍ ഡോ. സി.എസ്. അഗര്‍വാള്‍, റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോ. ദേശ് ദീപക് എന്നിവര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ട് ഇവിടുത്തെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
സ്ഥിതി ഇത്രയും ഗുരുതരമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയും കാര്യക്ഷമമായിട്ടില്ല. ജില്ലയില്‍ ഇന്നലെ അഞ്ചു കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മുതല്‍ പക്ഷികളെ കൊന്നു കത്തിക്കുന്ന നടപടികള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പലയിടത്തും പതിനൊന്നോടെയാണ് ആരംഭിച്ചത്. രണ്ടുലക്ഷത്തോളം പക്ഷികളെയാണ് കൊന്നൊടുക്കാനുള്ളത്. ഇന്നലെ 10,500 താറാവുകളെയാണ് കൊന്നു കത്തിച്ചത്. കൂടാതെ നേരത്തെ രോഗം ബാധിച്ച് ചത്ത താറാവുകളെയും കത്തിച്ചു.
രണ്ടുദിവസത്തിനുള്ളില്‍ തന്നെ മുഴുവന്‍ പക്ഷികളെയും കൊന്ന് നശിപ്പിക്കാനാണ് തീരുമാനം. പുറക്കാട്, അമ്പലപ്പുഴ വടക്ക്, ഭഗവതിപ്പാടം, ചെമ്പുപുറം, തലവടി, എന്നിവിടങ്ങളിലാണ് പക്ഷികളെ കൊല്ലുന്നത്. രോഗം സ്ഥിരീകരിച്ച പ്രദേശത്തു നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊല്ലുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കോഴികള്‍, ലൗബേര്‍ഡ്സ് തുടങ്ങി എല്ലാ പക്ഷികളെയും കൊല്ലും. ഇന്നലെ പത്ത് സ്ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്. ഇന്ന് 35 സ്ക്വാഡുകള്‍ കൂടി ഇറങ്ങും. അഞ്ച് സ്ക്വാഡുകളെ റിസര്‍വായി കരുതും.
അതിനിടെ ജില്ലയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് താറാവുകളെ കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച താറാവുകളെ ആലപ്പുഴയില്‍ നിന്ന് കടത്തിയതായിരുന്നു. പ്രത്യേക സ്ക്വാഡുകള്‍ മാത്രമേ താറാവുകളെ കൊന്നു കത്തിക്കാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.
മറ്റു ജില്ലകളിലും പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തതായി വിവരമുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഭോപ്പാലിലെ ലാബില്‍ നിന്നും റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ അത്യാവശ്യത്തിന് ലഭിച്ചുകഴിഞ്ഞു. 4,500 ഗുളികകള്‍ കൂടി ഇന്ന് എത്തും. രോഗബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ സംഘം സ്ഥിരമായി ഉണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.
അതിനിടെ ഇന്നലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ രോഗബാധയില്ലാത്ത താറാവുകളെ ജീവനോടെ കത്തിച്ചത് വിവാദമായി. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു താറാവുകളെ ജീവനോടെ കത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: