തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണസംഘം ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തി. ബാറുടമകളുടെ ആരോപണത്തെ പൂര്‍ണ്ണമായും നിഷേധിക്കാതെ തന്ത്രപൂര്‍വ്വമായിരുന്നു പി.സി.ജോര്‍ജ്ജ് മൊഴി നല്‍കിയത്. ധനമന്ത്രി കെ.എം. മാണി ബാറുടമകളില്‍ നിന്ന് കോഴവാങ്ങിയോ ഇല്ലയോ എന്ന കാര്യം തനിക്കറിയില്ലെന്ന് ജോര്‍ജ്ജ് വിജിലന്‍സിനെ അറിയിച്ചു.
ആരെങ്കിലും കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അന്വേഷണസംഘം പുറത്തു കൊണ്ടുവരണം. ബാര്‍ ഉടമകളോട് കോഴ ചോദിക്കാനോ വാങ്ങാനോ താന്‍ ആരെയും ഫോണ്‍ ചെയ്തിട്ടില്ല. എന്നാല്‍ ബാര്‍ ഉടമകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു.
ഔദ്യോഗിക വസതിയിലെത്തിയായിരുന്നു ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തിയത്. ബാര്‍ ഉടമകള്‍ 15 കോടി രൂപ പിരിച്ചുവെന്നത് താന്‍ കേട്ടറിഞ്ഞ കാര്യമാണ്. ഈ പ്രസ്താവനയുടെ ഭാഗമായി വന്ന ആരോപണങ്ങള്നിഷേധിക്കുകയാണെന്നും പി.സി. ജോര്‍ജ് വിജിലന്‍സ് സംഘത്തോട് പറഞ്ഞു. പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണം സംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. ബാര്‍കോഴ ഇടപാടിനെക്കുറിച്ച് ചീഫ് വിപ്പ് പിസി ജോര്‍ജിന് കുറെ കാര്യങ്ങള്‍ അറിയാമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് നേരത്തെ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: