തിരുവനന്തപുരം: എഫ്എസിടി(ഫാക്ട്)ക്ക് നല്കുന്ന എല്‍എന്‍ജി(ദ്രവീകൃത പ്രകൃതി വാതകം)ക്ക് വാറ്റ് ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനിച്ചു. ഫാക്ട് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരമാണിത്.
14.5 ശതമാനം നിരക്കില്‍ വാറ്റ് ഒഴിവാക്കുന്നതു വഴി സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം 103 കോടിയുടെ നഷ്ടം സംഭവിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വാറ്റ് ഒഴിവാക്കുന്ന സാഹചര്യത്തില്‍ ഫാക്ടിന്റെ കൊച്ചി യൂനിറ്റില്‍ വൈദ്യുതി പദ്ധതി ആരംഭിക്കാനുള്ള സ്ഥലം അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കും.
ഫാക്ട് പുനരുദ്ധാരണ പാക്കേജിന്റെ വിശദാംശങ്ങള്‍ കേന്ദ്രവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി അനന്ത്കുമാറിനും സംസ്ഥാനം നിവേദനം നല്‍കിയിരുന്നു. ഹോമിയോ ബിരുദാനന്തര വിദ്യാര്‍ഥികളുടെ സ്റ്റൈപ്പന്റ് 25000 രൂപയായി വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: