തിരുവനന്തപുരം: മത്സ്യഫെഡില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്കായി പിഎസ്സി നിയമനങ്ങള്‍ അട്ടിമറിക്കുന്നു. മത്സ്യഫെഡിലെ നിയമനങ്ങള്‍ പിഎസ്സി വഴിയാക്കി 19 വര്‍ഷം കഴിഞ്ഞിട്ടും നാളിതുവരെ ഒരു നിയമനംപോലും പിഎസ്സി വഴി നടത്താത്ത മത്സ്യഫെഡ് ഏറ്റവുമൊടുവില്‍ പിഎസ്സി വഴി നിയമനശുപാര്‍ശ നല്‍കിയശേഷം അതും അട്ടിമറിച്ചു.
1995ല്‍ എ.കെ.ആന്റണി സര്‍ക്കാരാണ് മത്സ്യഫെഡ് നിയമനങ്ങള്‍ പിഎസ്സി വഴിയാക്കാന്‍ ഉത്തരവിട്ടത്. മത്സ്യഫെഡ് ഉള്‍പ്പെടെയുള്ള 15 അപ്പെക്സ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സി വഴിയാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരൊറ്റ തസ്തികയില്‍ പോലും പിഎസ്സി വഴി നിയമനം നടത്തിയില്ല. വ്യാപകമായി പിന്‍വാതില്‍ നിയമനങ്ങളാണ് കാലാകാലങ്ങളായി നടത്തിയിരുന്നത്.
19 വര്‍ഷമായിട്ടും മത്സ്യഫെഡ് പിഎസ്സിയുമായ സ്പെഷ്യല്‍ റൂള്‍ പ്രകാരമുള്ള ധാരണയുണ്ടാക്കാനും തയ്യാറായില്ല. ഇതിനിടെ 2008 ല്‍ പിഎസ്സി സംസ്ഥാന അപ്പെക്സ് കോര്‍പ്പറേറ്റ് സൊസൈറ്റി എല്‍ഡി ക്ലര്‍ക്ക് ജൂനിയര്‍ തസ്തികയിലേക്ക് പരീക്ഷ നടത്തി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 157 പേരുടെ മെയിന്ലിസ്റ്റാണ് ഇട്ടത്. ഇതിനിടെ ജൂനിയര്‍ അസിസ്റ്റന്റുമാരുടെ അഭാവം മൂലം മുന്‍ ഡയറക്ടര്‍ ബോര്‍ഡ് 49 ഒഴിവുകള്‍ പിഎസ്സിയെ അറിയിക്കുകയും നിയമനം നടത്താന്‍ സര്‍ക്കാര്‍ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് 2008ലെ പരീക്ഷയുടെ റാങ്ക്ലിസ്റ്റില് നിന്ന് 24 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയയ്ക്കുകയായിരുന്നു. എന്നാല്‍ മൂന്നുമാസമായിട്ടും ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടില്ല.
അഡൈ്വസ് മെമ്മോ അയച്ചവര്‍ക്ക് നിയമന ഉത്തരവ് നല്‍കേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ മൂന്നു മാസം ശേഷിക്കുമ്പോഴാണ് പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ക്ക് മത്സ്യഫെഡ് വീണ്ടും തടയിട്ടത്.
കേരളത്തിലാകെ വെറും രണ്ട് ജൂനിയര്‍ അസിസ്റ്റന്റുമാരാണ് മത്സ്യഫെഡിലുള്ളത്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ കൂടാതെ നിരവധി ഒഴിവുകള്‍ ഉള്ളതിനാല്‍ പിന്‍വാതില്‍ നിയമനത്തിലൂടെ ഇഷ്ടക്കാരെ യഥേഷ്ടം നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: