ന്യൂദല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രക്കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്ന രാജകുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അമിക്കസ്ക്യൂറി ഗോപാല്‍സുബ്രഹ്മണ്യം സമര്‍പ്പിച്ച ശുപാര്ശകളിന്മേല് മറുപടി അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ടാണ് കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടത്.
എന്നാല്‍ മറുപടി പിന്നീട് നല്കിയാല് മതിയെന്നും കേസ് മാറ്റിവയെക്കുന്നതിന് ഇത് മതിയായ കാരണമല്ലെന്നും ജസ്റ്റിസ് ടിഎസ് താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിലും ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ റിപ്പോര്‍ട്ടിലും രാജകുടുംബത്തോട് മറുപടി സമര്‍പ്പിക്കാന്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ടാണ് രാജകുടുംബം ഇന്നലെ കോടതിയെ സമീപിച്ചത്.
അമിക്കസ്ക്യൂറിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയ രാജകുടുംബം അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് വലിയ എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ല. ക്ഷേത്രത്തിന്റെ നന്മയ്ക്കാവശ്യമായ കാര്യങ്ങളെല്ലാം ചെയ്യണമെന്നാണ് രാജകുടുംബത്തിന്റെ നിലപാട്. അമിക്കസ്ക്യൂറി ഗോപാല്‍സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 129 ശുപാര്‍ശകളില്‍ എതിര്‍പ്പുള്ള കാര്യങ്ങള്‍ അറിയിക്കണമെന്നാണ് രാജകുടുംബത്തിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: