സൈപ്രസ്: അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും സൂപ്പര്‍താരമായ ലയണല്‍ മെസ്സിക്ക് ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡ്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും ഗോളുകള്‍ നേടിയ താരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തം പേരിലാക്കിയത്. ഇന്നലെ അപോയല്‍ നിക്കോസിയക്കെതിരെ നേടിയ ഹാട്രിക്കാണ് മെസ്സിക്ക് റെക്കോര്‍ഡ് നേടിക്കൊടുത്തത്.
മത്സരത്തില്‍ ബാഴ്‌സലോണ 4-0ന് അപോയല്‍ നിക്കോസിയയെ തകര്‍ക്കുകയും ചെയ്തു. 74 ഗോളുകളാണ് മെസ്സി യുവേഫ ചാന്വ്യന്‍സ് ലീഗില്‍ ഇതുവരെ നേടിയിട്ടുള്ളത്. സ്‌പെയിന്റെയും റയല്‍ മാഡ്രിഡിന്റെയും ഇതിഹാസതാരമായ റൗള്‍ ഗൊണ്‍സാല്‍വസിന്റെ പേരിലുള്ള 71 ഗോളുകളുടെ റെക്കോര്‍ഡാണ് മെസ്സി സ്വന്തം പേരിലേക്ക് തിരുത്തിയെഴുതിയത്.
368 ഗോള്‍ നേടികൊണ്ട് ബാഴ്‌സയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ എന്ന പദവി കരസ്ഥമാക്കിയ മെസ്സി 73 ഗോള്‍ നേടി സീസണിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. 253 ഗോള്‍ നേടി ലാ ലിഗയിലെ ടോപ് സ്‌കോററും മെസി തന്നെയാണ്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ 70 ഗോളുകള്‍ നേടിയ റയല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മെസ്സി വെല്ലുവിളി ഉയര്‍ത്തുന്ന ഏക താരം.
















