കാക്കനാട്: തീയണയ്ക്കാനുള്ള വെള്ളത്തിനു പണം നല്‍കേണ്ട ഗതികേടിലാണ് ജില്ലയിലെ അഗ്നിശമന സേനാ വിഭാഗം. സൗജന്യമായി വെള്ളം ലഭിക്കാനുള്ള സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാലാണ് പണം കൊടുത്തു വെള്ളം വാങ്ങേണ്ടിവരുന്നത്.
ഈയിനത്തില്‍ ഓരോ വര്‍ഷവും ഏകദേശം 15 ലക്ഷത്തോളം രൂപയാണ് ജില്ലയില്‍ അഗ്നിശന സേന വിഭാഗം ജല അതോററ്റിയില്‍ അടയ്ക്കുന്നത്.
കേരള ഫയര്‍ഫോഴ്സ് ആക്ട് 1962 പ്രകാരം ഫയര്‍ഫോഴ്സിനു സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ജലസ്രോതസുകളില്‍ നിന്ന് ഏതു സമയത്തും തീയണയ്ക്കലിനു മറ്റും സൗജന്യമായി വെള്ളമെടുക്കാം. എന്നാല്‍, നഗരസഭകളിലും പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന അഗ്നിശമന സേനയുടെ അവസ്ഥ വളരെ പരിതാപകരമാണ്.
തീപിടിത്തം ഉണ്ടായാല്‍ സേനയുടെ ആവശ്യത്തിന് മാത്രമായി വെള്ളമെടുക്കാനായി വാട്ടര്‍ അതോറിറ്റിയുടെ ലൈനില്‍ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്നാണ് നിയമം. ഇത് ജില്ലയുടെ പല ഭാഗങ്ങളിലും ആവശ്യത്തിന് സ്ഥാപിക്കാത്തതിനെ തുടര്‍ന്നാണ് സൗജന്യമായി വെള്ളം ലഭിക്കാനുള്ള വഴിയടഞ്ഞത്. ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഫയര്‍ഫോഴ്സ് യൂണിറ്റ് ബന്ധപ്പെട്ട് നഗരസഭയ്ക്കും വാട്ടര്‍ അതോറിറ്റിക്കും കത്തു നല്‍കിയിട്ടും നടപടി ഉണ്ടായില്ല.
തീപിടിത്ത സാധ്യതയുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരത്തിലും ഫയര്‍ ഹൈഡ്രന്റ് സൗകര്യം ഒരുക്കിയിട്ടില്ല. ഇതിനാല്‍ കുഴപ്പത്തിലാകുന്നത് എറണാകുളം ഗാന്ധിനഗറിലെ അഗ്നിശമന സേനാ വിഭാഗമാണ്. പ്രധാന സ്ഥലങ്ങളില്‍ ഹൈഡ്രന്റുകള്‍ ഉണ്ടെങ്കില്‍ അഗ്നിബാധയുണ്ടാകുന്ന സ്ഥലങ്ങളിലേക്ക് ഹൈഡ്രന്റുകളില്‍ നിന്നു നേരിട്ട് വെള്ളം പമ്പു ചെയ്യുന്നതിനും ഫയര്‍ എന്‍ജിനുകള്‍ നിറയ്ക്കുന്നതിനും സാധിക്കും.
തീ അണയ്ക്കുന്നതിന് ഫയര്‍ എന്‍ജിനുകള്‍ വെള്ളം പമ്പു ചെയ്യുമ്പോള്‍ തന്നെ വാഹനത്തിലേക്ക് വെള്ളം നിറച്ചുകൊണ്ടിരിക്കുകയും ചെയ്യാം. ചെറിയൊരു തീപിടിത്തത്തെ നേരിടണമെങ്കില്‍ തന്നെ 10,000 ലീറ്ററിലധികം വെള്ളമാണ് വേണ്ടി വരുക. പ്രതിവര്‍ഷം ശരാശരി 300 തീപ്പിടിത്തവും 200ല്‍പരം അത്യാഹിതവും നഗര പരിധിയില്‍ തന്നെ നടക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: