കൊട്ടാരക്കര: സിപിഎം ലോക്കല്‍ സമ്മേളനങ്ങളില്‍ വിഎസ്-പിണറായി വിഭാഗങ്ങളുടെ ഏറ്റുമുട്ടലുകള്‍ ശക്തമാകുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് തൃക്കണ്ണമംഗല്‍ ലോക്കല്‍ സമ്മേളനം നിര്‍ത്തിവെച്ചു.
കൊട്ടാരക്കര ഏരിയായിലെ അഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുവിഭാഗവും തുല്യത പാലിച്ചുനില്‍ക്കുകയാണ്. പിണറായിക്ക് ഭൂരിപക്ഷമുള്ള തൃക്കണ്ണമംഗല്‍ സമ്മേളനം വിഎസ് പക്ഷത്തിന്റ ശക്തമായ പ്രതിരോധത്തെതുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ നേതൃത്വം ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. ഇതൊടെ തിരഞ്ഞെടുപ്പ് നടന്ന ചക്കുവരക്കല്‍, മേലില കമ്മറ്റികള്‍ പിണറായിപക്ഷവും കൊട്ടാരക്കര, ഉമ്മന്നൂര്‍ കമ്മറ്റികള്‍ വിഎസ് പക്ഷവും നിലനിര്‍ത്തി. കുളക്കടയില്‍ ഇരുവിഭാഗവും തുല്യത പാലിച്ചു. ചക്കുവരക്കല്‍ ലോക്കല്‍ സമ്മേളനത്തില്‍ വിഎസിനെ വെട്ടിനിരത്തി എതിര്‍വിഭാഗം പൂര്‍ണമായ ആധിപത്യം നിലനിര്‍ത്തി. ഉമ്മന്നൂര്‍ വിഎസ് നിലനിര്‍ത്തി. എല്ലായിടത്തും ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മത്സരം ഒഴിവാക്കാന്‍ ജില്ലാ നേതൃത്വം കര്‍ശനമായി രംഗത്തെത്തിയിട്ടും ഇരുവിഭാഗവും മത്സരിക്കാന്‍ തയ്യാറാവുകയായിരുന്നു.സമ്മേളനത്തിലൊന്നും ജനകീയ പ്രശ്നങ്ങള്‍ ചര്ച്ചക്കെത്തുന്നില്ല. ഇരുവിഭാഗത്തിനും എതിരെയുള്ള ആരോപണങ്ങളാണ് പ്രധാനവിഷയം.
കൊട്ടാരക്കര ലോക്കല്‍ സമ്മേളനത്തിലും വിഭാഗീയത മത്സരത്തിലേക്ക് നീണ്ടപ്പോഴാണ് ജില്ലാ നേതൃത്വം ഇടപെട്ട് സമവായമുണ്ടാക്കിയത്. ആരോപണ വിധേയനായ ലോക്കല്‍ സെക്രട്ടറിക്ക് പകരം വി.എസ്.പക്ഷക്കാരനായ അജയകുമാറിനെ സെക്രട്ടറിയാക്കി. പതിനഞ്ചംഗ കമ്മിറ്റിയിലും ഭൂരിപക്ഷം വിഎസ് പക്ഷത്തിനാണ്. തൃക്കണ്ണമംഗല്‍ സമ്മേളനത്തില്‍ പിണറായി വിഭാഗത്തിന് ആധിപത്യം ഉള്ളതാണങ്കിലും ചില അംഗങ്ങള്‍ മറുകണ്ടം ചാടി മത്സരം ആവശ്യപെട്ടതാണ് സംഘര്‍ഷമാകാന്‍ കാരണം.
വിഎസ് പക്ഷത്തിന്റ ഉരുക്കുകോട്ടയായിരുന്നു കൊട്ടാരക്കര ഏരിയാ കമ്മറ്റി. എന്നാല്‍ കഴിഞ്ഞതവണ ഗുരുതരമായ സാമ്പത്തീക ആരോപണങ്ങള്‍ ഉള്‍പ്പടെയുള്ള ആരോപണത്തെ തുടര്‍ന്ന് പുറത്താക്കല്‍ ഭീഷണിയിലായ വിഎസ് പക്ഷത്തെ ജില്ലാനേതാവ് മറുകണ്ടം ചാടി.
വിഎസിന്റ വിശ്വസ്തനായിരുന്ന ഏരിയാസെക്രട്ടറിയെ സ്ത്രീവിഷയം ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് വിശ്വസ്തരെ വെട്ടിനിരത്തിയശേഷം കമ്മറ്റി പിണറായി പിടിച്ചെടുക്കുകയും ചെയ്തു.അന്ന് അട്ടിമറിക്കാന്‍ കൂട്ടുനിന്ന പല അംഗങ്ങളും ഈ സമ്മേളന കാലത്ത് വിഎസിനൊപ്പം ചേര്‍ന്ന് നിലവിലെ കമ്മറ്റിയെ അട്ടിമറിക്കാന്‍ ചുക്കാന്‍ പിടിക്കുന്നത്. അതാണ് ഇത്തവണ നേതൃത്വത്തിന്റ വിലക്ക് അവഗണിച്ചും ലോക്കല്‍ കമ്മറ്റികളും സമ്മേളന പ്രതിനിധികളെയും തങ്ങളുടെ ഒപ്പം നിര്‍ത്താന്‍ കടുത്ത മത്സരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: